image

13 Oct 2025 8:39 AM IST

Economy

ഇന്ത്യ-ഇയു വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ക്രിസ്മസിനു മുമ്പ് പൂര്‍ത്തിയാക്കും

MyFin Desk

ഇന്ത്യ-ഇയു വ്യാപാര കരാര്‍ ചര്‍ച്ചകള്‍   ക്രിസ്മസിനു മുമ്പ് പൂര്‍ത്തിയാക്കും
X

Summary

ഇരു വിഭാഗവും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളുടെ 14-ാം റൗണ്ട് ബ്രസല്‍സില്‍ സമാപിച്ചു


ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ചകളുടെ 14-ാം റൗണ്ട് ബ്രസല്‍സില്‍ സമാപിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഈമാസം ആറിനാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.

ചര്‍ച്ചകളില്‍ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും അവസാന ദിവസങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഫോര്‍ ട്രേഡ് സബീന്‍ വെയാന്‍ഡുമായി അഗര്‍വാള്‍ ചര്‍ച്ചകള്‍ നടത്തി.

ഇരു രാജ്യങ്ങളും ഉടന്‍ തന്നെ കരാറില്‍ ഒപ്പുവെക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അടുത്തിടെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പുരോഗതി അവലോകനം ചെയ്യുന്നതിനായി മന്ത്രി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി മാരോസ് സെഫ്‌കോവിച്ചിനെ കാണാന്‍ ബ്രസ്സല്‍സ് സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ക്രിസ്മസിനുമുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.

എട്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 ജൂണില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കും സമഗ്രമായ ഒരു എഫ്ടിഎ, നിക്ഷേപ സംരക്ഷണ കരാര്‍, എന്നിവയ്ക്കായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചു.

ഓട്ടോമൊബൈലുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും ഗണ്യമായ തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, വൈന്‍, സ്പിരിറ്റ്, മാംസം, കോഴി തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളിലും നികുതി കുറയ്ക്കണമെന്നും ശക്തമായ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥ നടപ്പിലാക്കണമെന്നും ഇയു ആവശ്യപ്പെടുന്നു.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി കൂടുതല്‍ മത്സരാധിഷ്ഠിതമാകും.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ 23 നയ മേഖലകള്‍ അല്ലെങ്കില്‍ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇതില്‍ സാനിറ്ററി, ഫൈറ്റോസാനിറ്ററി നടപടികള്‍, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍, വ്യാപാര പരിഹാരങ്ങള്‍, മത്സരം, വ്യാപാര പ്രതിരോധം, സര്‍ക്കാര്‍ സംഭരണം, തര്‍ക്ക പരിഹാരം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

2024-25 ല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 136.53 ബില്യണ്‍ യുഎസ് ഡോളറായിരുന്നു (75.85 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും 60.68 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇറക്കുമതിയും). ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 17 ശതമാനം യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്കാണ്.കൂടാതെ ഇന്ത്യയിലേക്കുള്ള ഈ ബ്ലോക്കിന്റെ കയറ്റുമതി അതിന്റെ മൊത്തം വിദേശ കയറ്റുമതിയുടെ 9 ശതമാനമാണ്.

ഇതിനുപുറമെ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സേവനങ്ങളിലെ ഉഭയകക്ഷി വ്യാപാരം 2023 ല്‍ 51.45 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു.