image

16 Dec 2025 6:42 PM IST

Economy

കയറ്റുമതിയില്‍ കുതിപ്പ്; യുഎസുമായുള്ള വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ?

MyFin Desk

കയറ്റുമതിയില്‍ കുതിപ്പ്; യുഎസുമായുള്ള  വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ?
X

Summary

നവംബറില്‍ യുഎസിലേക്കുള്ള കയറ്റുമതി 22 ശതമാനത്തിലധികം വര്‍ധിച്ചു


ട്രംപിന്റെ കനത്ത താരിഫ് ഭീഷണിയ്ക്കിടെ നവംബറില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ കയറ്റുമതി. മുന്നേറ്റം വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യക്ക് പുതിയ മേല്‍ക്കൈ നല്‍കുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ യുഎസിലേക്കുള്ള കയറ്റുമതി 22 ശതമാനത്തിലധികം വര്‍ധിച്ചു. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി വളര്‍ച്ചയായ 19 ശതമാനത്തെ മറികടന്നാണ് ഈ മുന്നേറ്റം.

മൊത്തം ചരക്ക് കയറ്റുമതി 38.13 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയാണിത്. കയറ്റുമതിയിലെ വീണ്ടെടുപ്പും, ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 8.2% ജിഡിപി വളര്‍ച്ചയും കാരണം താരിഫ് ഇളവുകള്‍ ആവശ്യപ്പെടുന്നതില്‍ ഇന്ത്യ പിന്നോട്ട് പോയേക്കും.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറയുന്നത് ഇളവുകളില്ലാതെ താരിഫിനെ അതിജീവിക്കുന്നതിന്റെ സൂചന ചര്‍ച്ചയില്‍ ഇന്ത്യയക്ക് മേല്‍ക്കൈ നല്‍കുമെന്നാണ്. കയറ്റുമതി വൈവിധ്യവല്‍ക്കരണവും ശക്തമായ ആഭ്യന്തര ഡിമാന്‍ഡുമാണ് ഈ തിരിച്ചുവരവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.

ഇലക്ട്രോണിക്സ് പോലുള്ള താരിഫ് രഹിത മേഖലകളാണ് യുഎസിലേക്കുള്ള കയറ്റുമതിക്ക് നേതൃത്വം നല്‍കിയത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഇലക്ട്രോണിക്സ് കയറ്റുമതി 38 ശതമാനം വര്‍ദ്ധിച്ചു.ചൈന, വിയറ്റ്നാം, റഷ്യ, ഇയു, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി വര്‍ധിച്ചതിനാല്‍ മറൈന്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതി ഏപ്രില്‍-നവംബര്‍ കാലയളവില്‍ 20% ഉയര്‍ന്ന് 5.7 ബില്യണ്‍ ഡോളറുമായി.

മെച്ചപ്പെട്ട ഡാറ്റയുടെ പിന്‍ബലത്തില്‍, യുഎസ് വ്യാപാര ആവശ്യങ്ങളോട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. കാര്‍ഷിക ഇറക്കുമതി പോലുള്ള വിഷയങ്ങളില്‍, പ്രത്യേകിച്ച് ജനിതകമാറ്റം വരുത്തിയ വിളകള്‍ അനുവദിക്കില്ല എന്ന നിലപാടിലും ഇന്ത്യ ഉറച്ചുനില്‍ക്കുന്നുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 8 മാസങ്ങളില്‍, ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെയുള്ള മൊത്തം കയറ്റുമതി, 5%-ല്‍ അധികം വളര്‍ച്ച രേഖപ്പെടുത്തി. ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ കണക്കെന്ന് വാണിജ്യ സെക്രട്ടറി രാകേഷ് അഗര്‍വാളും വ്യക്തമാക്കി.