image

29 Sept 2025 3:17 PM IST

Economy

ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം ഉയര്‍ത്തി ഇവൈ

MyFin Desk

indias growth rate to rise, says ey
X

Summary

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം


ജൂണ്‍ പാദത്തിലെ ശക്തമായ വളര്‍ച്ചയുടെയും ജിഎസ്ടി പരിഷ്‌കാരങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ജിഡിപി പ്രവചനം 6.7 ശതമാനമാക്കി ഉയര്‍ത്തി ഏണസ്റ്റ് ആന്‍ഡ് യംഗ്. മുന്‍വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു.

സെപ്റ്റംബറിലെ ഇവൈ ഇന്ത്യ ഇക്കണോമിക് പള്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോള തലത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിട്ടും, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.7% വാര്‍ഷിക നിരക്കില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ശക്തമായ 7.8% ജിഡിപി വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനം. അതേസമയം ഈ കാലയളവില്‍ ആര്‍ബിഐയുടെ പ്രതീക്ഷ 6.5 ശതമാനം വളര്‍ച്ച മാത്രമായിരുന്നു.

താരിഫ് സംബന്ധമായ അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ത്യയ്ക്ക് യുഎസുമായും ചൈനയുമായും ഉള്ള വ്യാപാരത്തിന്റെ രീതിയും ഘടനയും പുനഃപരിശോധിക്കാന്‍ അവസരമൊരുക്കുന്നുവെന്നും ഇവൈ പറയുന്നു.

'ഇന്ത്യ യുഎസിനെയും ഒരു പരിധിവരെ ചൈനയെയും ആശ്രയിച്ചിരിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടുകയും യുഎസിനെയും ചൈനയെയും ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ അതിന്റെ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളും ഇറക്കുമതി സ്രോതസ്സുകളും വൈവിധ്യവല്‍ക്കരിക്കുന്നത് നന്നായിരിക്കും', ഇവൈ ഇന്ത്യയുടെ മുഖ്യ നയ ഉപദേഷ്ടാവ് ഡി കെ ശ്രീവാസ്തവ പറഞ്ഞു.

ജിഎസ്ടി പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് സാധനവില ഗണ്യമായി കുറയുന്നു. അതിനാല്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും ഒടുവില്‍ വരുമാന നഷ്ടം നികത്തപ്പെടുമെന്നും ഇവൈ പ്രതീക്ഷിക്കുന്നു.