23 Dec 2025 4:31 PM IST
Summary
സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യന്‍ വിപണിക്ക് പുതിയ ഊര്‍ജ്ജം നല്‍കാനും ബജറ്റ് ലക്ഷ്യമിടും
കേന്ദ്ര ബജറ്റില്‍ ഇത്തവണ സര്‍ക്കാര്‍ ശ്രദ്ധ നല്‍കുക ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്കെന്ന് ഇവൈ ഇന്ത്യയുടെ പുതിയ 'ഇക്കോണമി വാച്ച്' റിപ്പോര്‍ട്ട്. ബജറ്റ് ലക്ഷ്യമിടുക സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യന്‍ വിപണിക്ക് പുതിയ ഊര്‍ജ്ജം നല്‍കാനും.
രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് നല്‍കുന്ന വലിയ പിന്തുണയും, അതോടൊപ്പം സാമ്പത്തിക അച്ചടക്കവും ചേര്‍ന്ന് 2026 ബജറ്റിനെ ഒരു 'ഗ്രോത്ത് ഓറിയന്റഡ്' ബജറ്റാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയുടെ ഇടക്കാല വളര്‍ച്ചയുടെ നട്ടെല്ല് സര്‍ക്കാര്‍ മൂലധന ചെലവുകളാണ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കാപെക്സ് 32.4% എന്ന കരുത്തുറ്റ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ശരാശരി ജിഡിപി വളര്‍ച്ച 6.5 ശതമാനത്തില്‍ നിലനിര്‍ത്തണമെങ്കില്‍, വാര്‍ഷിക കാപെക്സ് വളര്‍ച്ച 15 മുതല്‍ 20 ശതമാനം വരെ തുടരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ, തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നതിനെയാണ് ക്യാപെക്സ് എന്ന് വിളിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍മ്മാണത്തിനായി സിമന്റ്, ഇരുമ്പ്, സ്റ്റീല്‍ എന്നിവ വന്‍തോതില്‍ ആവശ്യമായി വരുന്നു. ഇത് ആ മേഖലയിലെ കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. സ്വാഭാവികമായും ഓഹരി വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രതീക്ഷിക്കാം.
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഒരു രാജ്യത്തെ മുഴുവന്‍ വികസിപ്പിക്കാന്‍ കഴിയില്ല. അവിടെയാണ് സ്വകാര്യ കമ്പനികളുടെ പങ്ക് വരുന്നത്.നല്ല റോഡുകളും വൈദ്യുതിയും റെയില്‍വേയും ഉള്ള ഒരിടത്ത് ഫാക്ടറികള്‍ തുടങ്ങാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പ്പര്യമുണ്ടാകും.സര്‍ക്കാര്‍ വലിയ പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കുമ്പോള്‍, രാജ്യം വളരുകയാണെന്ന ബോധ്യം നിക്ഷേപകര്‍ക്ക് ലഭിക്കുന്നു.
ഇതോടെ ടാറ്റ, റിലയന്‍സ് തുടങ്ങിയ വന്‍കിട ഗ്രൂപ്പുകളും വിദേശ കമ്പനികളും ഇന്ത്യയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകുന്നു.കമ്പനികള്‍ വികസനത്തിനായി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നു. ഇത് ബാങ്കുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു.ഗതാഗത സൗകര്യം മെച്ചപ്പെടുമ്പോള്‍ ചരക്കുനീക്കം എളുപ്പമാകുകയും ഇ-കൊമേഴ്സ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് വേഗത കൂടുകയും ചെയ്യുന്നു.
സര്‍ക്കാര്‍ പണം മുടക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ നിക്ഷേപം നടത്തുന്നു. ഇവ രണ്ടും ചേര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ പണമൊഴുക്ക് കൂട്ടുകയും ഓഹരി വിപണിയിലും തൊഴില്‍ വിപണിയിലും പുതിയ ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ആഗോള വിപണിയിലെ തളര്‍ച്ച കാരണം കയറ്റുമതി, ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ല. അതിനാല്‍, വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ യന്ത്രം ആഭ്യന്തര ഡിമാന്‍ഡ് മാത്രമായിരിക്കും. അതിനാല്‍ ഈ ആവശ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളായിരിക്കും 2026 ബജറ്റില്‍ പ്രതീക്ഷിക്കേണ്ടതെന്നും ഇവൈ ഇന്ത്യ നിരീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
