image

10 Dec 2025 7:37 PM IST

Economy

ഫെഡ് റിസര്‍വ് പലിശ കുറയ്ക്കാന്‍ സാധ്യത; വിപണി എങ്ങോട്ട് ?

MyFin Desk

stock market updates
X

Summary

പലിശ കുറയുമ്പോള്‍ നിഫ്റ്റി ഇടിഞ്ഞതും ചരിത്രം


ഫെഡ് റിസര്‍വ് കാല്‍ ശതമാനം പലിശ കുറയ്ക്കാന്‍ സാധ്യത. ഹോക്കിഷ് കമന്ററി വിപണിയുടെ ആവേശം തല്ലിക്കെടുത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍.

പലിശ കുറച്ചാല്‍ വിപണി കുതിച്ചുയരും എന്ന പ്രതീക്ഷ അധികം വേണ്ടെന്നാണ് ഇന്ത്യന്‍ നിക്ഷേപകരോട് വിദഗ്ധര്‍ പറയുന്നത്. പലിശ നിരക്ക് കുറയ്ക്കുമ്പോഴും വിപണിക്ക് കര്‍ശനമായ സന്ദേശം നല്‍കുന്ന 'ഹോക്കിഷ് കട്ട്' ആണ് പ്രതീക്ഷിക്കുന്നതെന്ന് മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍രിലെ മാര്‍ക്ക് ഫ്രാങ്ക്ലിന്‍ പറയുന്നു.

നിരക്ക് കുറച്ചേക്കാം. എന്നാല്‍, ഇത് സ്ഥിരമായ ഒരു ഇളവ് സൈക്കിളിന്റെ തുടക്കമായി കണക്കാക്കരുത്. ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ 'പലിശ നിരക്ക് കുറയ്ക്കുന്നത് ഓട്ടോപൈലറ്റിലായിരിക്കില്ല, ഓരോ മീറ്റിംഗിലെയും ഡാറ്റയെ ആശ്രയിച്ചിരിക്കും. ഈ നിലപാട് കാരണം, അടുത്ത വര്‍ഷത്തേക്കുള്ള ഒരു റേറ്റ് കട്ട് പ്രവചനം ഫെഡിന്റെ ഡോട്ട് പ്ലോട്ടില്‍ നിന്ന് ഒഴിവാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍, ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികള്‍ക്ക് അത് ശുഭവാര്‍ത്തയാണ്. കാരണം, കുറഞ്ഞ പലിശ, നിക്ഷേപകരെ ഉയര്‍ന്ന വരുമാനം നല്‍കുന്ന ഇന്ത്യന്‍ ഓഹരികളിലേക്കും ബോണ്ടുകളിലേക്കും ആകര്‍ഷിക്കും.

എന്നാല്‍ ചരിത്രം മറിച്ചാണ് പറയുന്നത്! 2024 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ അഞ്ച് ഫെഡ് റേറ്റ് കട്ടുകള്‍ പരിശോധിച്ചാല്‍ അതില്‍ മൂന്ന് തവണയും പിറ്റേന്ന് തന്നെ നിഫ്റ്റി 50 ഇടിഞ്ഞു. ഒരു ആഴ്ചയ്ക്കുള്ളില്‍ അഞ്ച് തവണയില്‍ നാല് തവണയും നിഫ്റ്റി നഷ്ടത്തിലായി. 1.07% ആയിരുന്നു ശരാശരി നഷ്ടമെന്നും സാമ്പത്തിക വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു.

ഫെഡ് കട്ട് ഇന്ത്യന്‍ വിപണിയെ സന്തോഷിപ്പിക്കാത്തതിന് നാല് കാരണങ്ങളും അവര്‍ നല്‍കുന്നുണ്ട്. ഒന്നാമത്തേത് ചെറിയ നിരക്ക് കുറയ്ക്കലുകള്‍ അപ്രസക്തമാണെന്നതാണ്. ഇക്വിണോമിക്‌സ് റിസര്‍ച്ചിലെ ജി. ചൊക്കലിംഗം പറയുന്നത്, 25-50 ബേസിസ് പോയിന്റ് കുറയ്ക്കുന്നതല്ല, ഫെഡ് ഒരു വലിയ ഡൗണ്‍വേര്‍ഡ് സൈക്കിളില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ വിപണിക്ക് യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടാകൂ എന്നാണ്.

രണ്ടാമതായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ പ്രശ്നമാണ്. യുഎസില്‍ കടുത്ത റേറ്റ് കട്ട് നടക്കുന്നത് ചില പ്രശ്നങ്ങളുടെ സൂചനയാണ് .അതായത് സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകുമ്പോഴോ, പണപരമായ ഞെരുക്കം ഉണ്ടാകുമ്പോഴോ ആണ് പലിശ കുറയ്ക്കുന്നത്. ഓഹരികളും റിയല്‍ എസ്റ്റേറ്റും റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുമ്പോള്‍ പലിശ കുറയ്ക്കുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ് എന്നതിന്റെ സൂചനയാണ്.അപ്പോള്‍ അത് ഇന്ത്യന്‍ കയറ്റുമതിയെയും രൂപയുടെ മൂല്യത്തെയും ബാധിക്കും. ഇന്ത്യന്‍-യുഎസ് വിപണികള്‍ തമ്മിലെ ബന്ധം അത്ര ശക്തമല്ലെന്നതാണ അടുത്തത്. ഉദാഹരണത്തിന്, യുഎസ് പലിശ നിരക്ക് 5.25% ആയി ഉയര്‍ന്നപ്പോള്‍ പോലും, കഴിഞ്ഞ 12 മാസങ്ങളില്‍ ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയത്.യുഎസ് പലിശ നിരക്കിന് വേഗത്തില്‍ പ്രതികരിക്കുന്നത് ഡെബ്റ്റ് നിക്ഷേപകരാണ്, ഓഹരി നിക്ഷേപകരല്ല. അവര്‍ ഇന്ത്യന്‍ ബോണ്ടുകളില്‍ പണം നിക്ഷേപിച്ചേക്കാം, പക്ഷേ ഇന്ത്യന്‍ ഓഹരികളിലേക്ക് വരാനുള്ള സാധ്യത കുറവാണ്.

ഹൈ-റിസ്‌ക്, ലോ-റിട്ടേണ്‍ സമസ്യയാണ് അടുത്തത്. വിദേശ നിക്ഷേപകര്‍ക്ക് അറിയാം, രൂപ പ്രതിവര്‍ഷം ശരാശരി 3-5% വരെ ഇടിയാറുണ്ട്. യുഎസ് ബോണ്ടുകളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന് ഏകദേശം തുല്യമാണിത്. അതുകൊണ്ട് തന്നെ രൂപയുടെ തകര്‍ച്ച, ഇന്ത്യന്‍ ഓഹരി വിപണിയിലെ ലാഭക്ഷമത കുറയ്ക്കുന്നുവെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.