image

23 Sept 2026 10:53 AM IST

Economy

ഗൾഫ് സംഘർഷം ഉലച്ചില്ല, ഇന്ത്യ തിളങ്ങും; വളർച്ചാ പ്രവചനം ഉയർത്തി ഫിച്ച്

MyFin Desk

india to shine, fitch raises growth forecast
X

Summary

ഇന്ത്യ വളരുമെന്ന് ഫിച്ച്. ഒക്ടോബറിൽ ആർബിഐ പലിശ നിരക്ക് ഉയർത്തും എന്നും സൂചന.


ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അനുമാനത്തിൽ മാറ്റം വരുത്തി ക്രെഡിറ്റ് റേറ്റിങ്സ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ്. സാമ്പത്തിക വളർച്ച കുറയാമെന്ന മുൻ അനുമാനങ്ങൾ തിരുത്തിയാണ് വളർച്ചാ അനുമാനം ഉയർത്തിയത്. 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം 6.9 ശതമാനമായി ആണ് ഉയർത്തിയത്. നേരത്തെ 6 .4 ശതമാനത്തിൽ വളർച്ച എത്തും എന്നായിരുന്നു പ്രവചനം.

അതേസമയം ഈ വർഷം ഡോളറിനെതിരെ ഇതേ നിലവാരത്തിൽ തന്നെ രൂപ തുടർന്നേക്കുമെന്നാണ് അനുമാനം. അടുത്ത വർഷം നേരിയ തോതിൽ മൂല്യം കുറയാമെന്നും ഫിച്ച് സൂചിപ്പിക്കുന്നു. യുഎസ്-ഇറാൻ സംഘർഷം ആഘാതം സൃഷ്ടിച്ചപ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്ത് തെളിയിച്ചതായി ഫിച്ച് റേറ്റിങ്സ് ചൂണ്ടിക്കാട്ടുന്നു.

വരുന്നു പലിശ നിരക്ക് വർധന

ഒക്ടോബറിൽ ആർബിഐ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. 5 .5 ശതമാനത്തിലേക്ക് നിരക്ക് ഉയരാം. വളർച്ചാ മാന്ദ്യം ഉണ്ടാകുമെന്ന കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി ഇന്ത്യൻ സാമ്പത്തിക രംഗം മികച്ച വളർച്ച കൈവരിച്ചെന്നും ഫിച്ച് റേറ്റിങ്സ് പുതിയ റിപ്പോർട്ടിൽ പറയുന്നു.2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ ജിഡിപി വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് 7.7 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി വർദ്ധിച്ചതായി ഏജൻസി വ്യക്തമാക്കുന്നു.

2025-26 സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.8 ശതമാനമായിരുന്നു. ഫിച്ചിന്റെ ജൂണിലെ 'ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ ഇത് 7.4 ശതമാനമായിരിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. രണ്ടാം പാദത്തിൽ വളർച്ചാ നിരക്ക് 7.8 ശതമാനമായി കുറഞ്ഞെങ്കിലും, ജൂണിൽ ഫിച്ച് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഉയർന്ന നിലയിലായിരുന്നു വളർച്ച.

സ്വകാര്യ നിക്ഷേപങ്ങൾ ശക്തമാകും

അതേസമയം ഈ സാമ്പത്തിക വർഷം ബാക്കിയുള്ള കാലയളവിൽ വളർച്ചാ നിരക്ക് മിതമാകുമെന്ന് ഏജൻസി പ്രതീക്ഷിക്കുന്നു. പിഎംഐ സൂചിക നൽകുന്ന സൂചന അനുസരിച്ച് നിർമ്മാണ, സേവന മേഖലകളിലെ പ്രവർത്തന വേഗത കുറയാം എന്നും ഏജൻസി പറയുന്നു. അതേസമയം, സ്വകാര്യ നിക്ഷേപം ശക്തമായി തുടരുമെന്നും നിക്ഷേപത്തിൽ 10 ശതമാനത്തിലധികം വളർച്ചയുണ്ടാകുമെന്നും ഫിച്ച് പ്രതീക്ഷിക്കുന്നുണ്ട്.

ഊർജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം കുറയുന്നതോടെ വളർച്ചാ നിരക്ക് സ്ഥിരമായി തുടരുമെന്ന് ഏജൻസി അഭിപ്രായപ്പെടുന്നു. ഉപഭോക്തൃ മേഖലയും നിക്ഷേപവും വളർച്ചയെ നയിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം കുറഞ്ഞ കാലയളവിൽ പണപ്പെരുപ്പം ഉയരുമെന്നാണ് അനുമാനം. ഈ വർഷം ഡിസംബറിൽ മൊത്ത പണപ്പെരുപ്പം 5.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. 2027 അവസാനത്തോടെ പണപ്പെരുപ്പം 4.2 ശതമാനത്തിലേക്കും 2028 അവസാനത്തോടെ 4 ശതമാനത്തിലേക്കും കുറയുമെന്നും ഏജൻസി പ്രതീക്ഷിക്കുന്നു.