10 Dec 2025 3:26 PM IST
സ്വതന്ത്ര വ്യാപാര കരാർ, ചര്‍ച്ചകള്‍ തകൃതി; നിരവധി രാജ്യങ്ങള്‍ ക്യൂവിലെന്ന് കേന്ദ്രം
MyFin Desk
Summary
ന്യൂസിലാന്‍ഡ്, ഒമാന്‍ എന്നീ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തില്‍
നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഒരുങ്ങി ഇന്ത്യ. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ ഒമാന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായി നടക്കുന്ന ചര്‍ച്ചകള്‍ ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ വെള്ളിയാഴ്ച ഇന്ത്യയിലെത്തുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് മക്ലേ ഡെല്‍ഹിയിലെത്തുന്നത്. ഇതിനുപുറമേ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയുമായുള്ള കരാര്‍ ചര്‍ച്ചകളും വൈകാതെ അവസാനിക്കും.ഇസ്രയേലുമായി കരാറിലെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.ഇസ്രയേല്‍ സാമ്പത്തിക, വ്യവസായ മന്ത്രി നിര്‍ ബര്‍ക്കത്തുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതായും, നിര്‍ദ്ദിഷ്ട കരാറിനായി ഇരുപക്ഷവും ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിച്ചതായും ഗോയല്‍ പറഞ്ഞു.
കരാറിന് ശ്രമിച്ച് കൂടുതൽ രാജ്യങ്ങൾ
കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി കഴിഞ്ഞ മാസം ടെല്‍ അവീവില്‍ വെച്ച് ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. പ്രവാസി രാജസ്ഥാനി ദിവസ് എന്ന പരിപാടിയിൽ പങ്കെടുക്കാന്‍ ജയ്പൂരിലെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.വ്യാപാരത്തിനും ആഗോള നിക്ഷേപകര്‍ക്കും ഇന്ത്യ ആകര്‍ഷകമായ ഒരു സ്ഥലമായി മാറിയിക്കഴിഞ്ഞു. നിരവധി രാജ്യങ്ങള്‍ ഇന്ത്യയുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കാന്‍ ഇപ്പോള്‍ തീവ്ര ശ്രമത്തിലാണെന്നും ഗോയൽ ചൂണ്ടിക്കാട്ടി.
പഠിക്കാം & സമ്പാദിക്കാം
Home
