image

20 Jan 2026 3:52 PM IST

Economy

ഗാസ: ബോര്‍ഡ് ഓഫ് പീസിലേക്ക് ഇന്ത്യക്കും ക്ഷണം, ഒരുക്കിയത് കെണിയോ?

MyFin Desk

modi didnt call trump, india-us trade deal no more
X

Summary

കേള്‍ക്കുമ്പോള്‍ ഇതൊരു വലിയ നയതന്ത്ര അംഗീകാരമായി തോന്നാമെങ്കിലും, ഇതിന് പിന്നില്‍ ഇന്ത്യയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വലിയൊരു കെണിയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്


ഗാസയിലെ യുദ്ധഭൂമിയില്‍ സമാധാനം കൊണ്ടുവരാന്‍ ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്'-ലേക്ക് ഇന്ത്യക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാല്‍ ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുമെന്ന് വിലയിരുത്തല്‍.

കേള്‍ക്കുമ്പോള്‍ ഇതൊരു വലിയ നയതന്ത്ര അംഗീകാരമായി തോന്നാമെങ്കിലും, ഇതിന് പിന്നില്‍ ഇന്ത്യയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വലിയൊരു കെണിയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

പ്രമുഖ തിങ്ക് ടാങ്ക് ആയ ജിടിആര്‍ഐ പറയുന്നത് ഈ ബോര്‍ഡില്‍ ചേരുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ്. ഇസ്രയേലുമായും അറബ് രാജ്യങ്ങളുമായും ഇന്ത്യക്ക് അടുത്ത ബന്ധമാണുള്ളത്. ഈ ബോര്‍ഡില്‍ അംഗമായാല്‍ പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചുവരുന്ന നിഷ്പക്ഷ നിലപാട് ചോദ്യം ചെയ്യപ്പെടാം. പലസ്തീന്‍ ജനതയുടെ സമ്മതമില്ലാതെ ഗാസയുടെ വിധി നിശ്ചയിക്കുന്ന സമിതിയില്‍ ഇരിക്കുന്നത് ഇന്ത്യയുടെ ആഗോള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും.

ഒരു വശത്ത് ട്രംപുമായുള്ള അടുത്ത ബന്ധം, മറുവശത്ത് ഇന്ത്യ കാലങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന നീതിയുടെയും നയതന്ത്രത്തിന്റെയും മൂല്യങ്ങള്‍. ഗാസയിലെ സമാധാനശ്രമങ്ങളില്‍ ഇന്ത്യ സഹായിക്കണമെന്നതില്‍ തര്‍ക്കമില്ല, പക്ഷേ അത് ട്രംപിന്റെ ഈ 'ബിസിനസ്സ് ബോര്‍ഡിലൂടെ' തന്നെ വേണോ എന്നതാണ് മോദി സര്‍ക്കാരിന് മുന്നിലുള്ള വലിയ ചോദ്യമെന്നും ജിടിആര്‍ഐ വ്യക്തമാക്കി.

പ്രത്യേകിച്ച് ഗാസ പീസ് ബോര്‍ഡിന് ട്രംപ് നല്‍കുന്ന നിര്‍വചനമാണ് വലിയ വെല്ലുവിളി. ട്രംപിന്റെ വാക്കുകളില്‍ ഇതൊരു 'റിയല്‍ എസ്റ്റേറ്റ്' അവസരമാണ്! അവിടെ വലിയ ഹോട്ടലുകളും വാണിജ്യ സമുച്ചയങ്ങളും നിര്‍മ്മിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയെ പൂര്‍ണ്ണമായും നോക്കുകുത്തിയാക്കി, ട്രംപ് സ്വന്തം നിലയ്ക്ക് രൂപീകരിച്ചതാണ് ഈ സമാധാന ബോര്‍ഡ്. ജാരെഡ് കുഷ്നര്‍, ടോണി ബ്ലെയര്‍ തുടങ്ങിയ പ്രമുഖരും വമ്പന്‍ നിക്ഷേപകരും അടങ്ങുന്ന ഈ സംഘം ഗാസയുടെ പുനര്‍നിര്‍മ്മാണം നിയന്ത്രിക്കുമ്പോള്‍, അവിടെ പലസ്തീന്‍ ജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമോ എന്നത് വലിയ ചോദ്യമാണ്.

അതുകൊണ്ട് തന്നെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഈ നീക്കം ഇന്ത്യയെപ്പോലെ ഐക്യരാഷ്ട്രസഭയെ വിശ്വസിക്കുന്ന ഒരു രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. കൂടാെത ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള ഇത്തരമൊരു സംവിധാനത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ പാരമ്പര്യ നയങ്ങള്‍ക്ക് വിരുദ്ധവുമാണ്.