image

30 Nov 2022 12:30 PM GMT

Economy

ജിഡിപി വളര്‍ച്ച മന്ദഗതിയില്‍: ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.3% ആയി കുറഞ്ഞു

MyFin Desk

ജിഡിപി വളര്‍ച്ച മന്ദഗതിയില്‍: ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.3% ആയി കുറഞ്ഞു
X

Summary

റിയല്‍ ജിഡിപി നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ഏകദേശം 38.17 ലക്ഷം കോടി രൂപയായിരുന്നു.


ഡെല്‍ഹി: രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 6.3 ശതമാനമായിട്ടാണ് കുറഞ്ഞത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 13.5 ശതമാനമായിരുന്നു. ഉത്പാദന മേഖല സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് വളര്‍ച്ചാ നിരക്ക് ഇഴയുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.

റിയല്‍ ജിഡിപി വരുമാനം നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ഏകദേശം 38.17 ലക്ഷം കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 35.89 ലക്ഷം കോടി രൂപയായിരുന്നുവെന്നും, ഇക്കഴിഞ്ഞ രണ്ടാം പാദത്തില്‍ 6.3 ശതമാനം വളര്‍ച്ചയാണ് റിയല്‍ ജിഡിപിയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധി കുറയുന്ന സാഹചര്യത്തിലും രാജ്യത്തെ വാര്‍ഷിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.2 ശതമാനമാകാം എന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് വ്യക്തമാക്കിയിരുന്നു.

ഉത്പാദന മേഖലയിലെ വളര്‍ച്ച ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 4.3 ശതമാനം ചുരുങ്ങിയിട്ടുണ്ട് (തൊട്ടു മുന്‍പുള്ള പാദത്തില്‍ ഇത് 5.6 ശതമാനമായിരുന്നു). കാര്‍ഷിക മേഖല ഇക്കാലയളവില്‍ 4.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വാണിജ്യം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നീ മേഖലയില്‍ 14.7 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്. മുന്‍സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ ഇത് 9.6 ശതമാനമായിരുന്നു. ഖനന മേഖലയുടെ വളര്‍ച്ച 2.8 ശതമാനം ചുരുങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.5 ശതമാനമായിരുന്നു.