image

31 May 2023 3:50 PM GMT

Economy

പ്രതീക്ഷകളെ മറികടന്ന് ഇന്ത്യയുടെ ജിഡിപി; നാലാം പാദത്തില്‍ 6.1ശതമാനം

MyFin Desk

India GDP data beats expectations; This is what market experts have to say
X

Summary

  • 2023 സാമ്പത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 7.2 ആയിരിക്കുമെന്നും നിഗമനം
  • ജിഡിപിയിലെ വളര്‍ച്ച എല്ലാ ഏജന്‍സികളുടേയും പ്രതീക്ഷകള്‍ക്കു മീതെ
  • ഈ കണക്കുകള്‍ മാന്ദ്യമെന്ന വാദത്തെ ഒഴിവാക്കും


ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 6.1 ശതമാനമായി. മൂന്നുപാദങ്ങളില്‍ ആദ്യമായാണ് ജിഡിപിയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ടു.

കൂടാതെ 2023 സാമ്പത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 7.2 ആയിരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ കാണുന്നു. രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റായ ഏഴ് ശതമാനത്തേക്കാള്‍കൂടുതലാണിത്.

ത്രൈമാസ വളര്‍ച്ചാ നിരക്ക് വിദഗ്ധരുടെ കണക്കുകൂട്ടലുകളേക്കാള്‍ ഉയരത്തില്‍ വളര്‍ന്നു.

പല ഏജന്‍സികളും ഇത് സസംബന്ധിച്ച് അഭിപ്രായ സര്‍വേ പോലും നടത്തിയിരുന്നു. അവയിലും നിലവില്‍ ഉള്ളതിനേക്കാള്‍ താഴ്ന്ന ശതമാനമാണ് കണ്ടെത്തിയിരുന്നത്.

2022-23 ലെ ജിഡിപി വളര്‍ച്ച ഏഴ് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. പുതിയ ജിഡിപി ഡാറ്റ നയ രൂപീകരണ മേധാവികളെ സന്തോഷിപ്പിക്കും എന്നുറപ്പാണ്.

നിരവധി സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതുപോലെ, ഈ കണക്കുകള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുമെന്ന ഭയം ലഘൂകരിക്കുകയാണ്.

എല്ലാ ഏജന്‍സികളുടെയും കണക്കുകൂട്ടലുകളെ മറികടക്കുന്ന പ്രകടനമാണ് ജിഡിപി വളര്‍ച്ചയിലുണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം നാലാം പാദത്തില്‍ 5.1 ശതമാനം വളര്‍ച്ച മാത്രമാണ് കണക്കാക്കിയിരുന്നത്. എസ്ബിഐ റിസര്‍ച്ച് 5.5 ശതമാനം വളര്‍ച്ച് പ്രതീക്ഷിച്ചിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 4.4 ശതമാനമായിരുന്നു.

മൊത്തത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെങ്കിലും 2022 സാമ്പത്തിക വര്‍ഷത്തിലെ 9.5 ശതമാനം വളര്‍ച്ചയില്‍ നിന്ന് കുറവാണ് ഇത്. എന്നാല്‍ ആഗോളതലത്തില്‍ മാന്ദ്യം പിടിമുറുക്കുമ്പോള്‍ ഇന്ത്യയുടെ പ്രകടനം വളരെ മെച്ചപ്പെട്ടതാണ്.

2022-23 അവസാന പാദത്തിലെ വളര്‍ച്ചയുടെ കുതിപ്പിന് നേതൃത്വം നല്‍കിയത് നിര്‍മ്മാണ മേഖലയാണ്. കഴിഞ്ഞ രണ്ട് പാദങ്ങളിലെ മോശം പ്രകടനത്തിന് ശേഷം നാലാം പാദത്തില്‍ നിര്‍മാണ മേഖലയുടെ ഗ്രോസ് വാല്യു ആഡഡ് വാര്‍ഷികാടിസ്ഥാനത്തില്‍ 4.5 ശതമാനം വര്‍ധിച്ചു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇത് 3.8 ശതമാനവും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 1.4 ശതമാനവുമായിരുന്നു.

കാര്‍ഷിക മേഖലയും മാര്‍ച്ച് പാദത്തില്‍ വളര്‍ച്ചയിലായിരുന്നു. മുന്‍ പാദത്തിലെ 4.7 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമാണ് കാര്‍ഷിക മേഖല ഉയര്‍ന്നത്. അതേസമയം, 2022-23ല്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ച നാല് ശതമാനമായിരുന്നു. ഖനന മേഖല 4.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

വൈദ്യുത മേഖല- 6.9 ശതമാനം, ഉത്പാദന മേഖല- 4.5 ശതമാനം,സാമ്പത്തിക മേഖല- 7.1 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

ചെലവിന്റെ കാര്യത്തില്‍, സ്വകാര്യ ഉപഭോഗം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 2.8 ശതമാനം ഉയര്‍ന്നു. അതേസമയം മൊത്ത സ്ഥിര മൂലധന രൂപീകരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം ഉയര്‍ന്നു.