4 Jan 2026 4:24 PM IST
Summary
അമേരിക്ക നേരിട്ട് ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് ആഗോള ഓഹരി വിപണികളില്‍ ഇടിവിന് കാരണമായേക്കാം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും
വെനസ്വേലന്‍ പ്രതിസന്ധിയില്‍ എണ്ണ, സ്വര്‍ണം, ഡോളര്‍ മൂല്യങ്ങള്‍ കുതിച്ചുയരുമെന്ന് പ്രവചനം.അമേരിക്കയുടെ നീക്കം വാള്‍ സ്ട്രീറ്റില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധനായ ഹോര്‍മാസ് ഫതാക്കിയയുടെ മുന്നറിയിപ്പ്.
മുന്‍പ് നടന്ന യുക്രൈന്‍, ഇസ്രായേല്‍ സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്ക നേരിട്ട് ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് ആഗോള ഓഹരി വിപണികളില്‍ ഇടിവിന് കാരണമായേക്കാം. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും.വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക്+ തീരുമാനിച്ചാല്‍ പോലും വിപണിയിലെ ചലനങ്ങള്‍ പ്രവചനാതീതമായിരിക്കുമെന്നും അവര്‍ ചൂണ്ടികാട്ടുന്നു.
വെനസ്വേലയിലെ എണ്ണ വിപണിയില്‍ യുഎസ് ഇടപെടും
വെള്ളിയാഴ്ച 60 ഡോളറിന് മുകളില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ക്രൂഡ്, തിങ്കളാഴ്ച 62 മുതല്‍ 65 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ട്രംപ് ഭരണകൂടം വെനസ്വേലന്‍ എണ്ണ വിപണിയില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിതരണം കൂട്ടുമെങ്കിലും, നിലവിലെ അനിശ്ചിതത്വം വില ഉയര്‍ത്താന്‍ തന്നെയാണ് സാധ്യത. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍കൂടുമ്പോള്‍ നിക്ഷേപകര്‍ എപ്പോഴും അഭയം പ്രാപിക്കുന്നത് സ്വര്‍ണ്ണത്തിലാണ്. സ്വര്‍ണം, തിങ്കളാഴ്ച ഔണ്‍സിന് 4,380 ഡോളര്‍ വരെ എത്തിയേക്കാം. ഒപ്പം ഈ പ്രതിസന്ധി ഡോളറിന് കരുത്ത് നല്‍കിയേക്കാം. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്.
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാം
നിലവില്‍ സമ്മര്‍ദ്ദത്തിലുള്ള രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാം എന്നത് ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായി, അമേരിക്ക നേരിട്ട് ഒരു സൈനിക നീക്കത്തിന് ഇറങ്ങിയത് വാള്‍ സ്ട്രീറ്റില്‍ കനത്ത വിറ്റഴിക്കലിന് കാരണമായേക്കാം. അമേരിക്കന്‍ വിപണിയിലെ തളര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. പ്രത്യേകിച്ചും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം.വെനസ്വേലയുടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം കുറവായതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ വലിയൊരു തകര്‍ച്ച ഉണ്ടാകില്ലെന്ന് ഒരു വിഭാഗം വിദഗ്ധര്‍ കരുതുന്നുണ്ടെങ്കിലും, എണ്ണവിലയിലെ മാറ്റങ്ങള്‍ ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
