image

21 Jan 2026 5:20 PM IST

Economy

ETF: ചരിത്രം കുറിച്ച് സ്വര്‍ണം, വെള്ളി ഇടിഎഫുകള്‍

MyFin Desk

gold and silver etfs make history
X

Summary

ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 5 ശതമാനത്തിലധികം വര്‍ധിച്ച് 10 ഗ്രാമിന് 1.58 ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യ കടന്നു. ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 3.3 ലക്ഷം രൂപ എന്ന റെക്കോര്‍ഡിലേക്ക് വെള്ളി വിലയും കുതിച്ചുകയറി


ചരിത്രം കുറിച്ച് സ്വര്‍ണം-വെള്ളി ഇടിഎഫുകള്‍, വിപണി ചരിത്രത്തിലാദ്യമായി എട്ട് ശതമാനത്തോളം കുതിച്ചുയര്‍ന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചു. ഫെബ്രുവരി മാസത്തെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 5 ശതമാനത്തിലധികം വര്‍ധിച്ച് 10 ഗ്രാമിന് 1.58 ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യ കടന്നു.

ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ കരാറുകളാകട്ടെ 1.71 ലക്ഷം രൂപ വരെയാണ് തൊട്ടിരിക്കുന്നത്.വെള്ളിയുടെ കാര്യവും വ്യത്യസ്തമല്ല. ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 3.3 ലക്ഷം രൂപ എന്ന റെക്കോര്‍ഡിലേക്ക് വെള്ളി വില കുതിച്ചുകയറി. ഇന്‍വെസ്‌കോ, ഐസിഐസിഐ പ്രു, നിപ്പോണ്‍ ഗോള്‍ഡ് ബീസ് തുടങ്ങിയ പ്രമുഖ ഇടിഎഫുകളെല്ലാം വന്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് നയവും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന 10% മുതല്‍ 25% വരെയുള്ള താരിഫ് ഭീഷണിയും ലോകത്തെ ഒരു വലിയ 'ട്രേഡ് വാറിലേക്ക്' നയിക്കുകയാണ്. ആഗോള ഓഹരി വിപണികള്‍ ഇടിഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും ചേക്കേറുന്നു.ഇതാണ് ഈ മുന്നേറ്റത്തിന് കാരണം.

ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ വി.കെ. വിജയകുമാര്‍ നിരീക്ഷിക്കുന്നത് പോലെ, യൂറോപ്പ് അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ വിറ്റൊഴിവാക്കാന്‍ തുടങ്ങിയാല്‍ അത് ഡോളറിന്റെ തകര്‍ച്ചയ്ക്കും സ്വര്‍ണവില ഇനിയും ഉയരാനും കാരണമാകും.അതേസമയം, വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍, ആഭ്യന്തര വിപണിയില്‍ വിലയില്‍ ചെറിയൊരു ഇടിവുണ്ടായേക്കാം.