4 Feb 2026 4:51 PM IST
Summary
ഇളവ് സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും ബുളളിയനുകള്‍ക്കും മാത്രമാണ് ബാധകം. അതായത് വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്കോ, കൊറിയര്‍ വഴി എത്തുന്ന വസ്തുക്കള്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല
വിദേശത്തുനിന്ന് സ്വര്‍ണവും വെള്ളിയും എത്തിക്കുന്നതിനുള്ള അടിസ്ഥാന ഇറക്കുമതി വില കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇറക്കുമതി തീരുവയിലെ ബാധ്യത ഇനി കുറയും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ഈ നീക്കം ആഭ്യന്തര വിപണിയില്‍ വില നിയന്ത്രിക്കപ്പെടാന്‍ വഴിയൊരുക്കും. സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് ഏകദേശം 50 ഡോളര്‍ കുറച്ച് 1,518 ഡോളറാക്കി.വെള്ളിയുടെ അടിസ്ഥാന ഇറക്കുമതി വിലയില്‍ കിലോയ്ക്ക് 800 ഡോളറിലധികം കുറവ് വരുത്തി 2,657 ഡോളറാക്കി.
സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് ഡ്യൂട്ടി കണക്കാക്കുന്നത് ഈ ബേസ് പ്രൈസ് അടിസ്ഥാനമാക്കിയാണ്. ഈ വില കുറയുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാര്‍ ഈടാക്കുന്ന നികുതി ഭാരവും കുറയുന്നു. ഇത് വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കും.
ഈ ഇളവ് സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും ബുളളിയനുകള്‍ക്കും മാത്രമാണ് ബാധകം. അതായത് നിങ്ങള്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്കോ, കൊറിയര്‍ വഴി എത്തുന്ന വസ്തുക്കള്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല.
ആഗോള വിപണിയില്‍ വില കൂടുമ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ നിന്ന് വലിയൊരു തുക ഇതിനായി മാറ്റിവെക്കേണ്ടി വരുന്നു. ഇത് രൂപയുടെ മൂല്യത്തെയും വ്യാപാര കമ്മിയെയും ബാധിക്കാറുണ്ട്. പുതിയ നീക്കം ഈ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതിനാല്‍ വരും ദിവസങ്ങളില്‍ ജ്വല്ലറികളിലെ സ്വര്‍ണവിലയില്‍ ഇതിന്റെ പ്രതിഫലനം നമുക്ക് പ്രതീക്ഷിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
