image

13 May 2026 9:40 AM IST

Economy

ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം: കുതിച്ച് സ്വര്‍ണം! വില ഏങ്ങോട്ട്?

MyFin Desk

ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം: കുതിച്ച് സ്വര്‍ണം! വില ഏങ്ങോട്ട്?
X

Summary

വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം; എംസിഎക്സിൽ സ്വർണ്ണത്തിന് 6% അപ്പർ സർക്യൂട്ട്


സ്വര്‍ണ്ണ വിപണിയില്‍ മുമ്പെങ്ങും കാണാത്ത വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ലക്ഷങ്ങള്‍ കടക്കുന്നതിലേക്ക് വിരല്‍ചൂണ്ടുന്ന നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.രാജ്യത്തെ സ്വര്‍ണ്ണ - വെള്ളി ഇറക്കുമതി തീരുവ സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. വിദേശ നാണയ ശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ 6 ശതമാനമായിരുന്ന ഇംപോര്‍ട്ട് ഡ്യൂട്ടി ഒറ്റയടിക്ക് 15 ശതമാനത്തിലേക്കാണ് വര്‍ദ്ധിപ്പിച്ചത്.

ഇതില്‍ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും, 5 ശതമാനം അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സുമാണ് ഉള്‍പ്പെടുന്നത്.തീരുവ വര്‍ദ്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സ്വര്‍ണ്ണവില 6 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.

ജൂണ്‍ മാസത്തെ ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 1.62 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്കാണ് വില ഉയര്‍ന്നത്. ഏകദേശം 9,206 രൂപയുടെ വര്‍ദ്ധനവാണ് ഒരൊറ്റ ദിവസം രേഖപ്പെടുത്തിയത്.വെള്ളിയുടെ കാര്യവും മറിച്ചല്ല. എംസിഎക്‌സില്‍ വെള്ളി വില 6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 2.95 ലക്ഷം രൂപ പിന്നിട്ടു. വെള്ളി വില ഉടന്‍ തന്നെ 3 ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യ തൊടുമെന്നാണ് വിപണിയിലെ സൂചനകള്‍.

എന്തുകൊണ്ടാണ് ഈ നീക്കം?

വര്‍ദ്ധിച്ചു വരുന്ന വ്യാപാര കമ്മി കുറയ്ക്കാനും, ക്രൂഡ് ഓയില്‍ വിലക്കയറ്റത്തില്‍ തളരുന്ന ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്താനും സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ആഗോള വിപണിയില്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷവും, അമേരിക്കയിലെ പണപ്പെരുപ്പവും സ്വര്‍ണ്ണത്തെ ഒരു സേഫ് ഹെവന്‍ നിക്ഷേപമാക്കി മാറ്റുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണത്തിന് വലിയ ഡിമാന്‍ഡ് നല്‍കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ ഇറക്കുമതി തീരുവ വര്‍ദ്ധനവ് ആഭ്യന്തര വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിദഗ്ധരുടെ നിഗമന പ്രകാരം, വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവില 1.68 ലക്ഷം മുതല്‍ 1.70 ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ട്. നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും സ്വര്‍ണ്ണമെന്നത് ഇനി അത്ര എളുപ്പത്തില്‍ പ്രാപ്യമായ ഒന്നാകില്ലെന്ന് ഈ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നു.