image

28 Jan 2026 6:19 PM IST

Economy

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

MyFin Desk

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ  വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന
X

Summary

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 58.9 ബില്യണ്‍ ഡോളറിലെത്തി. വെള്ളി ഇറക്കുമതിയാകട്ടെ 44 ശതമാനം വര്‍ധിച്ച് 9.2 ബില്യണ്‍ ഡോളറിലുമെത്തി. വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ പത്തിലൊന്നും ചെലവാക്കുന്നത് ഈ രണ്ട് ലോഹങ്ങള്‍ക്കും വേണ്ടിയാണ്


ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചനകള്‍. ഇറക്കുമതിയിലെ മുന്നേറ്റമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമാവുകയെന്നും റിപ്പോര്‍ട്ട്.

ഫെബ്രുവരിയിലെ ബജറ്റ് സ്വര്‍ണ വിപണിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നികുതി കൂടിയാല്‍ സ്വര്‍ണവില ഇനിയും പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കും.

നികുതി കൂട്ടിയാല്‍ സ്വര്‍ണക്കടത്ത് കൂടുമെന്ന ആശങ്ക ജ്വല്ലറി വ്യാപാരികള്‍ക്കുണ്ട്. മുന്‍പ് നികുതി 10 ശതമാനമാക്കിയപ്പോഴും ഇന്ത്യയിലെ സ്വര്‍ണ മോഹം കുറഞ്ഞിരുന്നില്ല. അതിനാല്‍ നികുതി കൂട്ടുന്നത് വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കാണുന്നത്. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 58.9 ബില്യണ്‍ ഡോളറിലെത്തി. വെള്ളി ഇറക്കുമതിയാകട്ടെ 44 ശതമാനം വര്‍ധിച്ച് 9.2 ബില്യണ്‍ ഡോളറിലുമെത്തി. അതായത്, ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ പത്തിലൊന്നും ചെലവാക്കുന്നത് ഈ രണ്ട് ലോഹങ്ങള്‍ക്കും വേണ്ടിയാണ്. ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മിയെ സാരമായി ബാധിക്കുകയും രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിക്കുകയും ചെയ്തു.

2024 ജൂലൈയില്‍ സ്വര്‍ണത്തിന്റെ നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. കള്ളക്കടത്ത് തടയുകയായിരുന്നു അന്ന് ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതോടെ, ഇറക്കുമതി ബില്ലും കുതിച്ചുയര്‍ന്നു.

രൂപയെ സംരക്ഷിക്കാനും വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാനും പഴയതുപോലെ നികുതി 10 മുതല്‍ 15 ശതമാനം വരെയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നാണ് വിപണിയിലെ സംസാരം. ഇതിനകം തന്നെ വിപണിയില്‍ സ്വര്‍ണത്തിന് വന്‍ പ്രീമിയം ഈടാക്കി തുടങ്ങിയിട്ടുണ്ട്.