17 Jun 2026 10:08 AM IST
സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടത്തിന് സാധ്യത; ദീർഘകാല നിക്ഷേപകർക്ക് സുവർണ്ണാവസരമെന്ന് ടാറ്റാ മ്യൂച്വൽ ഫണ്ട്
MyFin Desk
Summary
സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടത്തിന് സാധ്യത; ദീർഘകാല നിക്ഷേപകർക്ക് സുവർണ്ണാവസരമെന്ന് ടാറ്റാ മ്യൂച്വൽ ഫണ്ട്
ഹ്രസ്വകാലയളവിൽ സ്വർണ്ണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ടാറ്റാ മ്യൂച്വൽ ഫണ്ടിന്റെ പുതിയ റിപ്പോർട്ട്. എന്നാൽ ഇത് ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരമായി മാറ്റാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യു.എസ് ഡോളറിന്റെ കരുത്ത്, ഉയർന്ന പലിശനിരക്കുകൾ, യു.എസ് ബോണ്ട് യീൽഡിലെ വർദ്ധനവ് എന്നിവയാണ് വരും മാസങ്ങളിൽ സ്വർണ്ണവിലയെ സ്വാധീനിക്കുക. ഇതിനാൽ വിലയിൽ ഒരു താത്കാലിക മന്ദഗതിയോ കൺസോളിഡേഷനോ ഉണ്ടായേക്കാം. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വിലയിൽ ഇരുവശങ്ങളിലേക്കും (കൂടാനും കുറയാനും) 5 ശതമാനം വരെ വ്യതിയാനങ്ങൾ വരാൻ സാധ്യതയുണ്ട്.
ഇന്ത്യൻ നിക്ഷേപകർക്ക് ആശ്വാസം
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുറഞ്ഞാൽ പോലും ഇന്ത്യൻ നിക്ഷേപകരെ അത് വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് കാരണം ആഭ്യന്തര വിപണിയിൽ വലിയൊരു തകർച്ചയുണ്ടാകാതെ വില പിടിച്ചുനിൽക്കും. അതിനാൽ ഇപ്പോൾ സ്വർണ്ണത്തിൽ ഒന്നിച്ച് വലിയൊരു തുക നിക്ഷേപിക്കുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന എസ്.ഐ.പി രീതിയായിരിക്കും കൂടുതൽ അനുയോജ്യം.
വെള്ളി വിലയിൽ സംഭവിക്കുന്നത് എന്ത്?
ആഗോള സാമ്പത്തിക മാന്ദ്യവും സോളാർ ഇൻസ്റ്റലേഷനുകളിലെ താൽക്കാലിക കുറവും കാരണം ഹ്രസ്വകാലയളവിൽ വെള്ളി വിലയിൽ നേരിയ ഇടിവുണ്ടായേക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വെള്ളിയെ കാത്തിരിക്കുന്നത് വലിയ കുതിപ്പാണ്. വിപണിയിൽ വെള്ളിയുടെ ഡിമാൻഡും സപ്ലൈയും തമ്മിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. തുടർച്ചയായ ആറാമത്തെ വർഷമാണ് വെള്ളിയുടെ ആഗോള ഡിമാൻഡ് അതിന്റെ സപ്ലൈയേക്കാൾ കൂടുന്നത്. സോളാർ എനർജി, ഇലക്ട്രിക് വാഹനങ്ങൾ , 5G ഇൻഫ്രാസ്ട്രക്ചർ, സെമികണ്ടക്ടറുകൾ തുടങ്ങിയ അത്യാധുനിക വ്യവസായങ്ങളിൽ വെള്ളി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മേയ് മാസത്തിൽ കുറഞ്ഞ ഗോൾഡ്-സിൽവർ റേഷ്യോ ഇപ്പോൾ 62-ന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് 68 വരെയാകാൻ സാധ്യതയുള്ളതിനാൽ, ഹ്രസ്വകാലയളവിൽ വെള്ളിയേക്കാൾ മികച്ച പ്രകടനം സ്വർണ്ണം കാഴ്ചവെച്ചേക്കുമെന്നും ടാറ്റാ മ്യൂച്വൽ ഫണ്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
