26 Nov 2022 4:48 AM GMT
കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് എന്നിവയുടെ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍
Myfin Desk
Summary
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഓഹരി വിപണിയില്‍ ഉണ്ടാകാനിടയുള്ള മുന്നേറ്റത്തിനിടയില്‍ ഓഹരി വിറ്റ് നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് സൂചന.
ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയുടെ അഞ്ച് മുതല്‍ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയാണ് കോള്‍ ഇന്ത്യ. ഹിന്ദുസ്ഥാന്‍ സിങ്ക് ഏഷ്യയിലെ ഏറ്റവും വലിയ സിങ്ക് ഉത്പാദകരും.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഓഹരി വിപണിയില്‍ ഉണ്ടാകാനിടയുള്ള മുന്നേറ്റത്തിനിടയില്‍ ഓഹരി വിറ്റ് നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോള്‍ ഇന്ത്യ 46 ശതമാനവും, രാഷ്ട്രീയ കെമിക്കല്‍സ് 58 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.
ഓഹരികളുടെ ഓഫര്‍ ഫോര്‍ ഫോര്‍ സെയിലിലൂടെ 16,500 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇക്കഴിഞ്ഞ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലക്ഷ്യത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഇതുവരെ നേടാനായത്. ഇതില്‍ പ്രധാനമായും മേയ് മാസത്തിലെ എല്‍ഐസി ഐപിഒ വില്‍പ്പനയിലൂടെ സമാഹരിച്ച 270 കോടി ഡോളറാണ്.