image

30 Jun 2025 3:32 PM IST

Economy

അഞ്ച് വര്‍ഷത്തിനുള്ളില്‍ ജി എസ് ടി വരുമാനം ഇരട്ടിയായി

MyFin Desk

gst revenue reached rs 1.75 lakh crore
X

Summary

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജി എസ് ടി പിരിവ് 22.08 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് ഇരട്ടിയായി, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നികുതി പിരിവ് 22.08 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.4% വളര്‍ച്ചയാണിത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11.37 ലക്ഷം കോടി രൂപയായിരുന്നു. ശരാശരി പ്രതിമാസ ജി എസ് ടി പിരിവ് 1.84 ലക്ഷം കോടി രൂപയാണ്.

2017 ജൂലൈ 1 ന് ആരംഭിച്ച ജിഎസ്ടി സംവിധാനം, ഏകദേശം 17 പ്രാദേശിക നികുതികളും 13 സെസ്സുകളും അഞ്ച് തലങ്ങളാക്കി സംയോജിപ്പിച്ചുകൊണ്ട് നികുതി വ്യവസ്ഥ ലളിതമാക്കിയിരിക്കുന്നു.

എട്ട് വര്‍ഷത്തിനുള്ളില്‍, ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത നികുതിദായകരുടെ എണ്ണം 2017-ല്‍ 65 ലക്ഷത്തില്‍ നിന്ന് 1.51 കോടിയിലധികമായി ഉയര്‍ന്നു.

'ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനുശേഷം വരുമാന ശേഖരണത്തിലും നികുതി അടിത്തറ വിപുലീകരണത്തിലും ശക്തമായ വളര്‍ച്ച കൈവരിച്ചു. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ സ്ഥിരമായി ശക്തിപ്പെടുത്തുകയും പരോക്ഷ നികുതി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുകയും ചെയ്തു,' ജിഎസ്ടിയുടെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

2017 ജൂലൈ 1 ന് ആരംഭിച്ച ജിഎസ്ടി ഇന്ന് എട്ടുവര്‍ഷം പൂര്‍ത്തിയാക്കി.

പ്രതിമാസ ജിഎസ്ടി പിരിവ് 2025 ഏപ്രിലില്‍ 2.37 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. 2025 മെയ് മാസത്തില്‍ ഇത് 2.01 ലക്ഷം കോടി രൂപയായിരുന്നു. ജൂണിലെ കണക്കുകള്‍ ചൊവ്വാഴ്ച പുറത്തുവിടും.