17 March 2025 5:10 PM IST
Summary
സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരത്തുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ പൊതുധനകാര്യം സംബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. വികസനരംഗത്ത് ഉയരുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ 'പൊതുധന സമീപനങ്ങളെകുറിച്ചുള്ള പുനര്‍വിചിന്തനം' എന്നതാണ് വിഷയം. സമ്മേളനം മാര്‍ച്ച് 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സെന്റര്‍ ഫോര്‍ പബ്ലിക് ഫിനാന്‍സ്, മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എംഎസ്ഇ) എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം 21ന് അവസാനിക്കും.
സമ്മേളനത്തില്‍ പൊതുധനകാര്യം പുനര്‍വിചിന്തനം ചെയ്യുകയും ഉയര്‍ന്നുവരുന്ന വികസന വെല്ലുവിളികള്‍ ചര്‍ച്ചയാകുകയും ചെയ്യും. വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക, നയരൂപീകരണ മേഖലകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന്റെ പ്രമേയത്തിന് ഏറെ പ്രാധാന്യമുണ്ട്.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ ഡോ. സി രംഗരാജന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, പ്രൊഫസര്‍ പ്രഭാത് പട്‌നായിക്, പ്രൊഫസര്‍ രസിഗന്‍ മഹാരാജ എന്നിവര്‍ സംസാരിക്കും.
19നു രാവിലെയാണ് സെഷനുകള്‍ ആരംഭിക്കുക. കോവിഡിനുശേഷം സാമൂഹ്യവും ധനപരവുമായ മേഖലകളില്‍ സര്‍ക്കാരുകളുടെ ഇടപെടലുകളില്‍ പുനര്‍വിചിന്തനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം.
ഗുലാത്തി ജന്മശതാബ്ദി പ്രഭാഷണ ചടങ്ങില്‍ ഡോ. ടി എം തോമസ് ഐസക്, ജമ്മു കശ്മീര്‍ മുന്‍ ധനമന്ത്രി ഡോ. ഹസീബ് എ ഡ്രാബു എന്നിവര്‍ പങ്കെടുക്കും.
പഠിക്കാം & സമ്പാദിക്കാം
Home
