image

9 Jun 2023 5:11 AM GMT

Economy

മേയില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ 7% ഇടിവ്

MyFin Desk

hiring activity fell in may
X

Summary

  • ബിഎഫ്എസ്ഐ മേഖലയിലെ നിയമനങ്ങളില്‍ 10% ഇടിവ്
  • 27 വ്യവസായിക മേഖലകളില്‍ ഒമ്പതെണ്ണത്തില്‍ മാത്രം ഇ- റിക്രൂട്ട്മെന്‍റ് കൂടി
  • എച്ച്ആർ & അഡ്‌മിൻ റോളുകളിലെ നിയമനങ്ങളില്‍ 8% വളർച്ച


മേയ് മാസത്തിലെ നിയമന പ്രവർത്തനങ്ങളില്‍ രാജ്യവ്യാപകമായി ഇടിവ് പ്രകടമായതായി നിരീക്ഷണം. കഴിഞ്ഞ വർഷം മേയിനെ അപേക്ഷിച്ച് നിയമന പ്രവർത്തനങ്ങള്‍ 7% കുറഞ്ഞെന്നാണ് ഫൗണ്ട്ഇറ്റ് ഇന്‍സൈറ്റ്സ് ട്രാക്കര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അഹമ്മദാബാദും ജയ്പൂരും പോലുള്ള ചില രണ്ടാം നിര നഗരങ്ങള്‍ മൊത്തം പ്രവണതയ്ക്ക് വിരുദ്ധമായി നിയമനങ്ങളില്‍ പോസിറ്റിവ് ട്രെന്‍ഡ് പ്രകടമാക്കിയിട്ടുണ്ട്.

ഏപ്രിലിനെ അപേക്ഷിച്ച് നിയമങ്ങളില്‍ 4 % ഇടിവുണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് കമ്പനികൾ ഉൾപ്പെടെയുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി. സാമ്പത്തിക വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്പനികള്‍ ചെലവ് വെട്ടിക്കുറയ്ക്കുന്നതിലേക്ക് നീങ്ങി. ഇതിനൊപ്പം തൊഴില്‍രംഗത്തെ ഉടച്ചുവാർക്കുന്ന തരത്തില്‍ ഉണ്ടാകുന്ന സാങ്കേതിക മാറ്റങ്ങളും നിയമനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

ഉയര്‍ന്ന പലിശനിരക്കുകൾ, പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിങ്ങനെ ആഗോള തലത്തില്‍ തന്നെ ഉരുണ്ടുകൂടിയ വെല്ലുവിളികള്‍ കാരണം ബാങ്കിംഗ്, ധനകാര്യ പ്രവര്‍ത്തനങ്ങള്‍, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) മേഖലയിലെ നിയമന പ്രവർത്തനങ്ങൾ 10% കുറഞ്ഞു.

27 വ്യവസായിക മേഖലകളില്‍ ഒമ്പത് മേഖലകളില്‍ മാത്രമാണ് ഇ-റിക്രൂട്ട്‌മെന്റ് പ്രവർത്തനം വർധിച്ചിട്ടുള്ളത്. തുറമുഖ ശേഷി ഉയര്‍ന്നത്,പുതിയ സാങ്കേതിക വിദ്യകളുടെ വരവ്, പാരിസ്ഥിതിക സുസ്ഥിരതയില്‍ ഊന്നിയ സംരംഭങ്ങൾ എന്നിവയുടെ ഫലമായി ഷിപ്പിംഗ് മേഖലയിലെ നിയമന പ്രവർത്തനങ്ങള്‍ 45% വളർച്ച കൈവരിച്ചു.

പുതിയ വൈദഗ്ധ്യങ്ങളുള്ള തൊഴിലാളികളുടെ അപര്യാപ്തത രാജ്യത്ത് പ്രകടമാണെന്നും ഇതുമൂലം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ തൊഴിലുടമകൾ വെല്ലുവിളികൾ നേരിടുന്നുവെന്നും ഫൗണ്ട് ഇൻസൈറ്റ്സ് ട്രാക്കറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കർ നിരീക്ഷണം നടത്തുന്ന 13 തൊഴിൽ വിഭാഗങ്ങളിൽ, മൂന്നെണ്ണത്തില്‍ മാത്രമാണ് നിയമനങ്ങള്‍ക്കായുള്ള ആവശ്യകത വര്‍ധിച്ചത്.

എച്ച്ആർ & അഡ്‌മിൻ റോളുകളിലെ നിയമനങ്ങളില്‍ 8% വളർച്ച മേയില്‍ ഉണ്ടായി. സെയിൽസ് & ബിസിനസ് ഡെവലപ്‌മെന്റ് , ഹോസ്പിറ്റാലിറ്റി & ട്രാവൽ വിഭാഗങ്ങൾ എന്നിവയാണ് നിയമനത്തിൽ വളർച്ച കൈവരിച്ചിട്ടുള്ള മറ്റ് രണ്ട് മേഖലകൾ. ഈ വിഭാഗങ്ങളിലെ ഇ-റിക്രൂട്ട്മെന്‍റുകളില്‍ 1 ശതമാനത്തിന്‍റെ നേരിയ വര്‍ധന മാത്രമാണ് ഉള്ളത്.