8 April 2026 8:26 PM IST
കടലിലും ടോള്‍ പ്ലാസ! ഓരോ കപ്പലിനും 17 കോടി; ഹോര്‍മുസ് ഇനി ഇറാന്റെ സാമ്പത്തിക സ്രോതസ്സ്
MyFin Desk
Summary
കടലിടുക്കിലൂടെ പോകുന്ന ഓരോ കപ്പലില്‍ നിന്നും 2 മില്യണ്‍ ഡോളര്‍ (ഏകദേശം 17 കോടി രൂപ) വീതം ടോള്‍ ഈടാക്കാനാണ് ഇറാന്റെ നീക്കം. പ്രതിദിനം നൂറിലധികം കപ്പലുകള്‍ കടന്നുപോകുന്ന ഈ പാതയിലൂടെ വര്‍ഷത്തില്‍ 90 ബില്യണ്‍ ഡോളര്‍ വരെ വരുമാനമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് കേവലമൊരു നയതന്ത്ര നീക്കമല്ല, മറിച്ച് ഇറാന്റെ സാമ്പത്തിക വിപ്ലവത്തിനുള്ള വഴിയാകുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ കെട്ടിപ്പടുക്കാന്‍ കടലിടുക്കിലൂടെ പോകുന്ന ഓരോ കപ്പലില്‍ നിന്നും 2 മില്യണ്‍ ഡോളര്‍ (ഏകദേശം 17 കോടി രൂപ) വീതം ടോള്‍ ഈടാക്കാനാണ് ഇറാന്റെ നീക്കം.
പ്രതിദിനം നൂറിലധികം കപ്പലുകള്‍ കടന്നുപോകുന്ന ഈ പാതയിലൂടെ വര്‍ഷത്തില്‍ 90 ബില്യണ്‍ ഡോളര്‍ വരെ വരുമാനമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 3,000-ഓളം കപ്പലുകളില്‍ നിന്ന് മാത്രം ടോള്‍ പിരിച്ചാല്‍ പോലും ഇറാന്റെ ഖജനാവിലേക്ക് 6 ബില്യണ്‍ ഡോളര്‍ എത്തും. പനാമ, സൂയസ് കനാലുകളില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തേക്കാള്‍ വലിയ തുകയാണിത്. ഇറാന്റെ ഈ 'ടോള്‍ പോളിസി' ആഗോള സമ്പദ്വ്യവസ്ഥയുടെ ഭൂപടം തന്നെ മാറ്റിവരച്ചേക്കാം.
മിഡില്‍ ഈസ്റ്റിലെ 'സുവര്‍ണ്ണ കാലഘട്ടം' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാറ്റത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ പുനര്‍നിര്‍മ്മാണത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയെയും ചൈനയെയും പോലുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഈ ഭീമമായ ടോളില്‍ ഇളവ് നല്‍കാന്‍ ഇറാന്‍ ആലോചിക്കുന്നുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരിക്കും.
ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും, അന്താരാഷ്ട്ര വിപണിയില്‍ വലിയൊരു ആശങ്കയ്ക്ക് ഈ വാര്‍ത്ത തിരികൊളുത്തിയിട്ടുണ്ട്. ഓരോ കപ്പലിനും ഇത്ര വലിയ തുക ടോള്‍ നല്‍കേണ്ടി വന്നാല്‍ ചരക്കുനീക്ക ചെലവ് കുത്തനെ ഉയരും. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം. വിപണി ഈ നീക്കത്തെ എങ്ങനെ നേരിടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
