image

19 Nov 2026 4:38 PM IST

Economy

ഇന്ത്യയിൽ HOTEL BOOM! 2028 വരെ ബുക്കിങ് തിരക്ക്; വിവാഹ സീസൺ കോടികളുടെ ബിസിനസാകും!

MyFin Desk

jefferies states revenue growth in indias hotel sector is continue on a strong trajectory
X

Summary

ഏഷ്യ-പസഫിക്കില്‍ ഒന്നാമതായി ഇന്ത്യ


ഇന്ത്യയിലെ ഹോട്ടല്‍ വ്യവസായം വരും വര്‍ഷങ്ങളിലും മികച്ച വളര്‍ച്ച നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. 2027-ലെ വിവാഹ സീസണ്‍, വിദേശ വിനോദസഞ്ചാരികളുടെ തിരിച്ചുവരവ്, ബിസിനസ് യാത്രകളിലെ വര്‍ധന എന്നിവ 2028 സാമ്പത്തിക വര്‍ഷം വരെയും ഹോട്ടല്‍ മേഖലയ്ക്ക് കരുത്താകുമെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വിലയിരുത്തുന്നത്. ഒക്ടോബറില്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ ഉണ്ടായ കുതിപ്പും ഈ വളര്‍ച്ചയുടെ സൂചനയാണ്.

ഒക്ടോബറില്‍ ഹോട്ടല്‍ വരുമാനത്തില്‍ 26% വളര്‍ച്ച

ഹോട്ടല്‍ മേഖലയിലെ പ്രകടനം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകമായ റെവന്യൂ പെര്‍ അവൈലബിള്‍ റൂം (RevPAR) ഒക്ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തില്‍ 18 ശതമാനവും ജൂണ്‍ പാദത്തില്‍ 15 ശതമാനവുമായിരുന്നു വളര്‍ച്ച. ഒക്ടോബറിലെ ഈ മുന്നേറ്റത്തിന് പ്രധാനമായും മുറികളുടെ ശരാശരി വാടകയിലുണ്ടായ വര്‍ധനയും താമസക്കാരുടെ എണ്ണത്തിലുണ്ടായ ഉയര്‍ച്ചയുമാണ് സഹായിച്ചത്.

ശരാശരി പ്രതിദിന മുറിവാടകയില്‍ (ADR) 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഹോട്ടലുകളിലെ ഒക്യുപന്‍സി നിരക്ക് 12 ശതമാനവും ഉയര്‍ന്നു. ഉത്സവകാല യാത്രകള്‍, ആഭ്യന്തര വിനോദസഞ്ചാരം, കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയാണ് ആവശ്യകത വര്‍ധിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ദീപാവലി ഒക്ടോബറില്‍ തന്നെയായിരുന്നതിനാല്‍ ഈ വര്‍ഷത്തെ വളര്‍ച്ചയില്‍ അനുകൂലമായ അടിസ്ഥാന സ്വാധീനവും ഉണ്ടായിട്ടുണ്ട്. ഉത്സവ അവധികള്‍ കാരണം കഴിഞ്ഞ വര്‍ഷം ബിസിനസ് യാത്രകളും ഹോട്ടല്‍ താമസവും കുറഞ്ഞിരുന്നു. കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ തിരക്കേറിയ പരിപാടികളും ഹോട്ടല്‍ മുറികളുടെ ആവശ്യകതയും നിരക്കും ഉയര്‍ത്തി.

2027ലെ വിവാഹ സീസണ്‍ നിര്‍ണായകം

2027ലെ വിവാഹ കലണ്ടര്‍ ഹോട്ടല്‍ മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് ജെഫറീസിന്റെ വിലയിരുത്തല്‍. വിവാഹങ്ങള്‍, ആഘോഷങ്ങള്‍, അനുബന്ധ പരിപാടികള്‍ എന്നിവ ഹോട്ടല്‍ ബുക്കിങ്ങുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലൂടെ 2028 സാമ്പത്തിക വര്‍ഷം വരെയും മികച്ച വരുമാന വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, അടുത്ത മാസങ്ങളില്‍ വളര്‍ച്ചയുടെ വേഗം നേരിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ട്. അനുകൂലമായ അടിസ്ഥാന സ്വാധീനം കുറയുന്നതും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായാല്‍ വിദേശ യാത്രകള്‍ വീണ്ടും വര്‍ധിക്കുന്നതും ആഭ്യന്തര ഹോട്ടല്‍ ആവശ്യകതയെ ബാധിച്ചേക്കാം. എന്നാല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവും ബിസിനസ് യാത്രകളും തിരിച്ചുപിടിക്കുന്നത് ഈ ആഘാതം കുറയ്ക്കും.

ഏഷ്യ-പസഫിക്കില്‍ ഒന്നാമതായി ഇന്ത്യ

ഹോട്ടല്‍ വികസന പദ്ധതികളുടെ കാര്യത്തില്‍ ചൈന ഒഴികെയുള്ള ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2026ലെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,165 ഹോട്ടല്‍ വികസന പദ്ധതികളാണുള്ളത്. ഏകദേശം 1.54 ലക്ഷം മുറികള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതികള്‍ മേഖലയില്‍ ആകെ പ്രഖ്യാപിച്ച പദ്ധതികളുടെ 43 ശതമാനമാണ്.

നഗരങ്ങളില്‍ ബെംഗളൂരുവാണ് മുന്നില്‍. ഒക്ടോബറില്‍ 45 ശതമാനം RevPAR വളര്‍ച്ചയാണ് നഗരം രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ 38 ശതമാനവും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ 27 മുതല്‍ 31 ശതമാനം വരെയും വളര്‍ച്ചയുണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രാജസ്ഥാന്‍ 14 ശതമാനവും ഗോവ 11 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ ദുബായിലെ ഹോട്ടല്‍ മേഖലയ്ക്ക് ഒക്ടോബറില്‍ 42 ശതമാനം ഇടിവുണ്ടായപ്പോള്‍ സെപ്റ്റംബറിലെ ഇടിവ് 29 ശതമാനമായിരുന്നു. അതേസമയം ശ്രീലങ്ക 16 ശതമാനം വളര്‍ച്ചയോടെ മികച്ച പ്രകടനം തുടര്‍ന്നു.

ആഭ്യന്തര യാത്രകളും വിവാഹ സീസണും വിദേശ വിനോദസഞ്ചാരികളുടെ തിരിച്ചുവരവും ഒരുമിക്കുമ്പോള്‍ ഇന്ത്യയുടെ ഹോട്ടല്‍ വ്യവസായത്തിന് വരും വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചാ സാധ്യതകളാണ് തുറക്കുന്നത്.