image

29 Dec 2025 7:09 PM IST

Economy

നവംബറിലെ തിരിച്ചുവരവ്; വ്യാവസായിക ഉല്‍പ്പാദനത്തില്‍ വന്‍ കുതിപ്പ്

MyFin Desk

നവംബറിലെ തിരിച്ചുവരവ്; വ്യാവസായിക  ഉല്‍പ്പാദനത്തില്‍ വന്‍ കുതിപ്പ്
X

Summary

വ്യാവസായിക ഉല്‍പ്പാദനം സംബന്ധിച്ച് റോയിട്ടേഴ്‌സ് നടത്തിയ പ്രവചനത്തെ മറികടന്ന വളര്‍ച്ചയാണ് ഉണ്ടായത്


നവംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം (ഐഐപി) ശക്തമായ തിരിച്ചുവരവ് നടത്തി. വ്യാവസായിക ഉല്‍പ്പാദന സൂചിക 6.7 ശതമാനമാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ കണ്ട ഉത്സവ സീസണിലെ മാന്ദ്യത്തിനുശേഷം വ്യക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. റോയിട്ടേഴ്സ് നടത്തിയ പോള്‍ പ്രകാരം സാമ്പത്തിക വിദഗ്ധര്‍ 2.5% വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്.

ഒക്ടോബറിലെ മാന്ദ്യം മറികടന്നു

ഒക്ടോബറില്‍ ദീപാവലിയും ഫാക്ടറി പ്രവര്‍ത്തനങ്ങളിലെ അവധിക്കാലവുമായി ബന്ധപ്പെട്ട തടസ്സങ്ങളും മൂലം ഐഐപി വളര്‍ച്ച വെറും 0.4 ശതമാനമായി കുറഞ്ഞിരുന്നു. അതിനുശേഷമാണ് ഈ കുത്തനെയുള്ള വളര്‍ച്ച ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യാവസായിക ഉല്‍പ്പാദനം 5.0 ശതമാനമാണ് വര്‍ധിച്ചിരുന്നത്. നവംബറിലെ കണക്കുകള്‍ സാധാരണ ഉല്‍പ്പാദന നിലവാരത്തിലേക്കുള്ള തിരിച്ചുവരവിനെയും ഉത്സവകാലത്തിനുശേഷം ഉപഭോഗത്തിലെ വര്‍ദ്ധനവിനെയും പ്രതിഫലിപ്പിക്കുന്നു.

നിര്‍മ്മാണ മേഖല വളര്‍ച്ചക്ക് നേതൃത്വം നല്‍കി

നവംബറില്‍ 8.0 ശതമാനം വളര്‍ച്ച കൈവരിച്ച നിര്‍മ്മാണ മേഖലയാണ് വീണ്ടെടുക്കലിന് നേതൃത്വം നല്‍കിയത്. അടിസ്ഥാന ലോഹങ്ങളുടെയും ഫാബ്രിക്കേറ്റഡ് ലോഹ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ പ്രധാന സംഭാവന നല്‍കിയ മേഖലകളാണ്. മൊത്തത്തിലുള്ള വ്യാവസായിക വളര്‍ച്ചയ്ക്ക് ഈ വിഭാഗങ്ങള്‍ ഒരുമിച്ച് ഏറ്റവും വലിയ ഉത്തേജനം നല്‍കി.

മണ്‍സൂണ്‍ അവസാനിച്ചതും ഇരുമ്പയിര് പോലുള്ള ലോഹ ധാതുക്കളുടെ ശക്തമായ ഉല്‍പാദനവും സഹായിച്ചതോടെ ഖനന പ്രവര്‍ത്തനങ്ങളും തിരിച്ചുവന്നു, ഈ മാസം 5.4 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ വൈദ്യുതി ഉല്‍പ്പാദനം 1.5 ശതമാനം ചുരുങ്ങി, ഇത് പ്രധാന വളര്‍ച്ചയെ നേരിയ തോതില്‍ ബാധിച്ചു.

അടിസ്ഥാന ലോഹങ്ങളുടെ നിര്‍മ്മാണം 10.2 ശതമാനം വളര്‍ച്ചയും, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഔഷധ രാസവസ്തുക്കള്‍, സസ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ 10.5 ശതമാനം വളര്‍ച്ചയുംനേടി. മോട്ടോര്‍ വാഹനങ്ങള്‍, ട്രെയിലറുകള്‍, സെമി-ട്രെയിലറുകള്‍ എന്നിവ 11.9 ശതമാനം വളര്‍ച്ചയും നേടി.