23 Nov 2025 12:54 PM IST
Summary
ഇന്ത്യ-കാനഡ ഓസ്‌ട്രേലിയ സാങ്കേതികവിദ്യ, നവീകരണ പങ്കാളിത്തത്തിന് തുടക്കം കുറിച്ചു
ജാഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി മോദി ചര്‍ച്ച നടത്തി.
മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് മൂന്ന് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സില്‍ അറിയിച്ചത്.
ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീന്‍ എനര്‍ജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുക. സാങ്കേതിക സഹകരണ കൂട്ടായ്മ ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജീസില്‍ സഹകരണം വര്‍ധിപ്പിക്കും.
ആഫ്രിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ സംയുക്ത പ്രമേയവും പാസാക്കി. ഒരു രാജ്യവും അന്താരാഷ്ട്ര അതിരുകള്‍ മാറ്റാന്‍ ശക്തിയോ ഭീഷണിയോ ഉപയോഗിക്കരുതെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
എല്ലാ രൂപത്തിലുള്ള ഭീകരവാദത്തേയും പ്രമേയം അപലപിച്ചു. വംശം, ലിംഗഭേദം, ഭാഷ, മതം എന്നിവ പരിഗണിക്കാതെ മനുഷ്യന്റെ അവകാശങ്ങളേയും മൗലിക സ്വാതന്ത്ര്യങ്ങളേയും ബഹുമാനിക്കണമെന്നും പ്രമേയം വ്യക്തമാക്കി. സാധാരണഗതിയില്‍ ഉച്ചകോടിക്ക് ശേഷമാണ് സംയുക്ത പ്രസ്താവനകള്‍ ഉണ്ടാകാറുള്ളത്. ഇത്തവണ നേതാക്കളുടെ ഉച്ചകോടിയുടെ തുടക്കത്തില്‍ തന്നെ പ്രഖ്യാപനം അംഗീകരിച്ചത് ശ്രദ്ധേയമായി.
ഉച്ചകോടിക്കിടെ മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തി. എന്റെ സുഹൃത്ത്, പ്രിയ നരേന്ദ്ര മോദി, താങ്കള്‍ക്ക് നന്ദി. രാഷ്ട്രങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ശക്തരാകുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ദീര്‍ഘനാള്‍ നിലനില്‍ക്കട്ടെ- മാക്രോണ്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
അമേരിക്ക ഉച്ചകോടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വെളുത്തവര്‍ഗ്ഗക്കാരായ കര്‍ഷകര്‍ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പരിപാടിയില്‍ നിന്നും അമേരിക്ക വിട്ട് നില്‍ക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
