15 Nov 2026 11:52 AM IST
ഇന്ത്യ-ഈജിപ്ത് വ്യാപാരബന്ധം ശക്തമാക്കും; നിക്ഷേപ അവസരങ്ങള്‍ വിപുലീകരിക്കാന്‍ നീക്കവുമായി കേന്ദ്രം
MyFin Desk
Summary
ഈജിപ്തുമായുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്താനും ഇന്ത്യ ഒരുങ്ങുന്നു.
ഈജിപ്തുമായുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്താനും ഇന്ത്യ ഒരുങ്ങുന്നു. പരസ്പര സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ഈജിപ്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും ഇന്ത്യയിലേക്കുള്ള നിക്ഷേപവും പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഈജിപ്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 650 കോടി ഡോളറാണ്. ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയുടെ വലുപ്പം പരിഗണിക്കുമ്പോള്‍ ഇത് തുടക്കം മാത്രമാണെന്നും വ്യാപാര സാധ്യതകള്‍ക്ക് പരിധിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ഈജിപ്തിലേക്കുള്ള കയറ്റുമതി 387 കോടി ഡോളറിലെത്തി. ഈജിപ്തില്‍ നിന്നുള്ള ഇറക്കുമതി 260 കോടി ഡോളറായിരുന്നു. മാംസം, കോഴിയിറച്ചി ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍, പരുത്തി, യന്ത്രസാമഗ്രികള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. അസംസ്‌കൃത എണ്ണ, വളങ്ങള്‍, പരുത്തി, ധാതു ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാന ഇറക്കുമതികള്‍.
ഈജിപ്തിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അവിടെ കൂടുതല്‍ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. അതുപോലെ ഈജിപ്തിന്റെ ശക്തമായ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും നിക്ഷേപങ്ങളും ഇന്ത്യയിലേക്ക് എത്തിക്കണം. വ്യാപാരം ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്നതായിരിക്കണമെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയതാണ് ഗോയല്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി ഈജിപ്ഷ്യന്‍ ഭരണനേതാക്കളുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ചകളിലെ പ്രധാന വിഷയം.
2000 ഏപ്രില്‍ മുതല്‍ 2026 ജൂണ്‍ വരെയുള്ള കാലയളവില്‍ ഈജിപ്തില്‍ നിന്ന് ഇന്ത്യയിലേക്ക് ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപം 1.15 കോടി ഡോളര്‍ മാത്രമാണ്. ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ സാമ്പത്തിക അജണ്ടയില്‍ വ്യാപാരത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്നും ഗോയല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൗറീഷ്യസ്, ഓസ്ട്രേലിയ, യുഎഇ, ഒമാന്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (EFTA), ന്യൂസിലന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങളുമായും കൂട്ടായ്മകളുമായും ഇന്ത്യ വ്യാപാര കരാറുകള്‍ നടപ്പാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ അടുത്ത മാസം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ, ചിലി, ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തിലുള്ള SACU, ബ്രസീലിന്റെ നേതൃത്വത്തിലുള്ള മെര്‍കോസൂര്‍, റഷ്യയുടെ നേതൃത്വത്തിലുള്ള EAEU എന്നിവയുമായും ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഈ കരാറുകള്‍ പൂര്‍ത്തിയാകുന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയിലെ 115 ലക്ഷം കോടി ഡോളറിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിന്ന് 85 ലക്ഷം കോടി ഡോളറിന്റെ വിപണിയിലേക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണനാ പ്രവേശനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ സുഗമമാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍ക്ക് പ്രയോജനപ്പെടുന്ന പ്രത്യേക ബിസിനസ് ഗൈഡ് തയ്യാറാക്കാനും പിയൂഷ് ഗോയല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനോട് നിര്‍ദേശിച്ചു. പുരാതന കാലത്ത് കടല്‍മാര്‍ഗങ്ങളും വ്യാപാര തുറമുഖങ്ങളും പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന 'പെരിപ്ലസ്' എന്ന പേരില്‍ പുതിയൊരു ബിസിനസ് മാര്‍ഗദര്‍ശി തയ്യാറാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
