image

23 Nov 2026 12:29 PM IST

Economy

എല്ലാ കരാറുകളുടെയും മാതാവ്; ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും

MyFin Desk

mother of all agreements, india-eu free trade agreement may be signed on december 16
X

Summary

ഇന്ത്യയും 27 അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനും (EU) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (Free Trade Agreement - FTA) ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബറിലെ ബ്രസല്‍സ് സന്ദര്‍ശനത്തിനിടെ കരാറില്‍ ഒപ്പുവെക്കാനാണ് സാധ്യത.


ഇന്ത്യയും 27 അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനും (EU) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (Free Trade Agreement - FTA) ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബറിലെ ബ്രസല്‍സ് സന്ദര്‍ശനത്തിനിടെ കരാറില്‍ ഒപ്പുവെക്കാനാണ് സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കും ഈ കരാര്‍. ആഗോള വ്യാപാരരംഗത്ത് വലിയ പ്രാധാന്യമുള്ള കരാറായതിനാല്‍ 'എല്ലാ കരാറുകളുടെയും മാതാവ്' (Mother of All Deals) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ജനുവരി 27നാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായത്. ദീര്‍ഘകാലമായി നടന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപക്ഷവും ധാരണയിലെത്തിയത്. കരാര്‍ സംബന്ധിച്ച അന്തിമ നിയമരേഖയും താരിഫ് പട്ടികകളും യൂറോപ്യന്‍ കമ്മിഷന്‍ ഇതിനോടകം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ട്. കരാറില്‍ ഒപ്പുവെക്കുന്നതിനും അത് ഔദ്യോഗികമായി അംഗീകരിക്കുന്നതിനുമുള്ള അനുമതി തേടിയാണ് രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബറിലെ ബ്രസല്‍സ് സന്ദര്‍ശനത്തിനിടെ കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ജീന്‍ എറിക് പാക്ക്വെ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷയോടെ ഇന്ത്യ

കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 93 ശതമാനത്തിനും യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ തീരുവയില്ലാത്ത പ്രവേശനം ലഭിക്കുമെന്നതാണ് കരാറിലെ പ്രധാന ആകര്‍ഷണം. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നേടാനാകും. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ആഭരണങ്ങള്‍, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ കയറ്റുമതിക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ആഡംബര കാറുകള്‍, വൈന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വില കുറയുന്നതിനും കരാര്‍ വഴിയൊരുക്കും. നിലവില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമായ ഉയര്‍ന്ന ഇറക്കുമതി തീരുവയില്‍ ഇളവുകള്‍ ലഭിക്കുന്നതാണ് വില കുറയാന്‍ സഹായിക്കുക. യൂറോപ്യന്‍ വാഹന നിര്‍മാതാക്കള്‍ക്കും വൈന്‍ ഉല്‍പ്പാദകര്‍ക്കും ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ തീരുവ ഇളവുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതും ഉല്‍പ്പന്നങ്ങള്‍ക്കനുസരിച്ചുള്ള വ്യവസ്ഥകളും കരാറിന്റെ അന്തിമ രൂപത്തില്‍ നിര്‍ണായകമായിരിക്കും.

ലോക സമ്പദ്വ്യവസ്ഥയിലും അന്താരാഷ്ട്ര വ്യാപാരത്തിലും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും വലിയ പങ്കുവഹിക്കുന്നവരാണ്. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) ഏകദേശം 25 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഈ രണ്ട് സാമ്പത്തിക ശക്തികള്‍ ചേര്‍ന്നാണ് സംഭാവന ചെയ്യുന്നത്. ഏകദേശം 33 ട്രില്യണ്‍ ഡോളറിന്റെ ആഗോള വ്യാപാര വിപണിയില്‍ 11 ട്രില്യണ്‍ ഡോളറിന്റെ പങ്കാളിത്തമാണ് ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനുമുള്ളത്.

കരാര്‍ നടപ്പാകുന്നതോടെ ഇരു വിപണികളിലേക്കുമുള്ള വ്യാപാര തടസ്സങ്ങള്‍ കുറയുകയും നിക്ഷേപം വര്‍ധിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഉല്‍പ്പാദന, കയറ്റുമതി മേഖലകള്‍ക്ക് യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ വലിയ ഉപഭോക്തൃ വിപണിയിലേക്കുള്ള പ്രവേശനവും എളുപ്പമാകും.

വ്യാപാരം മാത്രമല്ല, സാങ്കേതികവിദ്യ, വ്യവസായം, നിക്ഷേപം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിലും ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സഹകരണം ശക്തിപ്പെടുത്താന്‍ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ആഭ്യന്തര ഉല്‍പ്പാദകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, ഇറക്കുമതി മത്സരത്തെ നേരിടുക, വ്യാപാര നേട്ടങ്ങള്‍ വിവിധ മേഖലകളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളും കരാര്‍ നടപ്പാക്കുമ്പോള്‍ പ്രധാനമാകും.

ഡിസംബര്‍ 16ന് കരാര്‍ ഒപ്പുവെക്കുകയും അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരികയും ചെയ്താല്‍ ഇന്ത്യയുടെ ആഗോള വ്യാപാരബന്ധങ്ങളില്‍ പുതിയ അധ്യായത്തിനാകും തുടക്കമാകുക. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായ യൂറോപ്യന്‍ യൂണിയനുമായുള്ള ഈ വ്യാപാര ധാരണ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയ്ക്കും സാമ്പത്തിക ബന്ധങ്ങളുടെ വിപുലീകരണത്തിനും നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ