image

27 Jan 2026 10:24 AM IST

Economy

ഇന്ത്യ-ഇയു വ്യാപാര കരാര്‍ അടുത്തവര്‍ഷം നടപ്പിലാക്കും; എന്തെല്ലാമാണ് നേട്ടങ്ങള്‍?

MyFin Desk

india-eu trade deal to be implemented next year, what are the benefits
X

Summary

സാമ്പത്തികമായ നേട്ടങ്ങള്‍ക്കപ്പുറം കരാര്‍ ശക്തമായ ഭൗമരാഷ്ട്രീയ പ്രാധാന്യവും വഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യൂറോപ്യന്‍ യൂണിയനുമായുള്ള അടുത്ത ബന്ധം ആഗോള വ്യാപാര ശൃംഖലകളില്‍ ഡെല്‍ഹിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. കൂടാതെ ഏഷ്യയ്ക്ക് പുറത്തുള്ള പങ്കാളിത്തങ്ങളെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യും.


ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ദീര്‍ഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2027 ഓടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

2007 ല്‍ ആരംഭിച്ച കരാര്‍ ചര്‍ച്ചകള്‍ക്ക് ഏറെ കാലതാമസം നേരിട്ടിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയും ഇയുവും ഇപ്പോള്‍ ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയില്‍ ഔപചാരികമായി പ്രഖ്യാപിക്കുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ആഗോള വ്യാപാര തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളില്‍ ഒന്നാണിത്.

നടപ്പാക്കല്‍ സമയരേഖ

ചര്‍ച്ചകള്‍ അവസാനിച്ചെങ്കിലും, കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിയമപരമായ പരിശോധനകള്‍, വിവര്‍ത്തനങ്ങള്‍, അംഗീകാര പ്രക്രിയകള്‍ എന്നിവയ്ക്ക് വിധേയമാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നടപടികള്‍ക്ക് നിരവധി മാസങ്ങള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2027 ല്‍ കരാര്‍ പ്രാവര്‍ത്തികമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും ഈ കാലയളവില്‍ യോജിപ്പിലെത്തും.

സാമ്പത്തിക സഹകരണം

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ആഴത്തിലാക്കുക എന്നതാണ് വ്യാപാര കരാര്‍ ലക്ഷ്യമിടുന്നത്. ഇത് വ്യാപാര, നിക്ഷേപ പ്രവാഹങ്ങളെ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പുതിയ വിപണി അവസരങ്ങള്‍ തുറന്നു നല്‍കുകയും ചെയ്യും. അതുപോലെ യൂറോപ്യന്‍ ബിസിനസുകള്‍ക്ക് ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കുകയും ചെയ്യും. ഈ ഇടപാട് ഇന്ത്യയുടെ വ്യാപാര മേഖലയെ പുനര്‍നിര്‍മ്മിക്കുമെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ഉല്‍പ്പാദനം, സേവനങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍.

തന്ത്രപരമായ പ്രാധാന്യം

സാമ്പത്തികമായ നേട്ടങ്ങള്‍ക്കപ്പുറം കരാര്‍ ശക്തമായ ഭൗമരാഷ്ട്രീയ പ്രാധാന്യവും വഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യൂറോപ്യന്‍ യൂണിയനുമായുള്ള അടുത്ത ബന്ധം ആഗോള വ്യാപാര ശൃംഖലകളില്‍ ഡെല്‍ഹിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഏഷ്യയ്ക്ക് പുറത്തുള്ള പങ്കാളിത്തങ്ങളെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും വലിയ വളര്‍ന്നുവരുന്ന വിപണികളില്‍ ഒന്നുമായുള്ള ഇടപെടല്‍ അതീവ പ്രാധാന്യമുള്ളതാണ്.

എഫ്ടിഎ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായിട്ടാണ് കാണപ്പെടുന്നത്. ഇത് സ്ഥിരതയുള്ളതും പരസ്പരം പ്രയോജനകരവുമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

സാമ്പത്തിക പ്രാധാന്യം

പ്രതിവര്‍ഷം 120 ബില്യണ്‍ യൂറോയുടെ ചരക്ക് വ്യാപാരത്തിന്റെ വിഹിതം നല്‍കുന്ന യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. എഫ്ടിഎ താരിഫ് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. അതിനാല്‍ വ്യാപാരത്തില്‍ വന്‍ വര്‍ധനയുണ്ടാകും. തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി സേവനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിപണികള്‍ തുറക്കും.

കയറ്റുമതിക്ക് ഉത്തേജനം

യുഎസ്, ഏഷ്യ തുടങ്ങിയ പരമ്പരാഗത വിപണികള്‍ക്കപ്പുറം വൈവിധ്യവത്കരിക്കാന്‍ സഹായിക്കുന്ന 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) സ്രോതസ്സുകളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയില്‍ ഉല്‍പ്പാദന, ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ യൂറോപ്യന്‍ കമ്പനികളെ എഫ്ടിഎ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമൊബൈല്‍സ് വിഭാഗത്തില്‍ ഇന്ത്യ നികുതി കുറച്ചത് വിദേശ കാറുകളുടെ വില കുത്തനെ കുറയാന്‍ കാരണമാകും.

തന്ത്രപരമായ പ്രാധാന്യം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യൂറോപ്യന്‍ യൂണിയനുമായുള്ള അടുത്ത ബന്ധം യുഎസ്, ചൈന, റഷ്യ എന്നിവയുമായുള്ള ബന്ധങ്ങളെ സന്തുലിതമാക്കുന്നു, തന്ത്രപരമായ സ്വയംഭരണം ശക്തിപ്പെടുത്തുന്നു. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമം, ജനാധിപത്യ മൂല്യങ്ങള്‍, സുസ്ഥിര വികസനം എന്നിവയ്ക്കുള്ള പ്രതിബദ്ധത ഈ കരാര്‍ അടിവരയിടുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍സും ആരോഗ്യ സംരക്ഷണവും

ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് ഇയു വിപണികളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും, ഇത് ജനറിക്‌സുകളുടെയും വാക്‌സിനുകളുടെയും കയറ്റുമതി വര്‍ദ്ധിപ്പിക്കും. ഡിജിറ്റല്‍ വ്യാപാരം, ഹരിത സാങ്കേതികവിദ്യകള്‍, നവീകരണ ആവാസവ്യവസ്ഥകള്‍ എന്നിവയിലെ സഹകരണം ഇന്ത്യയുടെ ആധുനികവല്‍ക്കരണത്തെ ത്വരിതപ്പെടുത്തും.