image

26 Jan 2026 3:09 PM IST

Economy

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു

MyFin Desk

india-eu fta, negotiations from monday
X

Summary

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയുടെ സേവന മേഖലയ്ക്കും മാനുഫാക്ചറിംഗ് മേഖലയ്ക്കും യൂറോപ്പില്‍ കൂടുതല്‍ വിപണി ലഭിക്കും. പകരമായി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ നികുതി കുറയ്ക്കേണ്ടി വരും


പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു.

2007ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ജനുവരി 27-ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയാണ്. ഇതോടെ ഇന്ത്യയുടെ സേവന മേഖലയ്ക്കും മാനുഫാക്ചറിംഗ് മേഖലയ്ക്കും യൂറോപ്പില്‍ കൂടുതല്‍ വിപണി ലഭിക്കും. പകരമായി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ നികുതി കുറയ്ക്കേണ്ടി വരും.

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യൂറോപ്പിലേക്ക് നിയമപരമായ രീതിയില്‍ കുടിയേറുന്നത് ഈ കരാര്‍ എളുപ്പമാക്കും.നിലവില്‍ യൂറോപ്പിലുള്ള ഒമ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം ഹൈ-സ്‌കില്‍ഡ് 'ബ്ലൂ കാര്‍ഡ്' ഉടമകളാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ തൊഴില്‍ വിപണിയിലേക്ക് എത്താന്‍ ഇത് വഴിതുറക്കും.

പ്രതിരോധ മേഖലയില്‍ റഷ്യയോടുള്ള അമിത ആശ്രയം കുറയ്ക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിനായി യൂറോപ്യന്‍ യൂണിയനുമായി പുതിയ 'സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പാര്‍ട്ണര്‍ഷിപ്പ്' ഒപ്പിടും. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ മന്ദഗതിയിലായ ഈ സാഹചര്യത്തില്‍ യൂറോപ്പുമായുള്ള ഈ ബന്ധം ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ വലിയൊരു വിജയമാണ്.

അതിനാല്‍ തന്നെ യൂറോപ്പുമായി കൂടുതല്‍ ബിസിനസ്സ് നടത്തുന്ന ഇന്ത്യന്‍ ഐടി, ഫാര്‍മ കമ്പനികളുടെ ഓഹരികളില്‍ വരും ദിവസങ്ങളില്‍ വലിയ ചലനങ്ങള്‍ ഉണ്ടായേക്കാം.