23 May 2026 12:35 PM IST
Summary
ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്ത് കാട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; വിദേശ നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടവുമായി ആർബിഐ റിപ്പോർട്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം (Gross FDI) റെക്കോർഡ് ഉയരത്തിലെത്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 94.5 ബില്യൺ ഡോളറാണ് ഈ കാലയളവിൽ രാജ്യത്ത് എത്തിയത്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലുള്ള താല്പര്യം തുടരുന്നതിന്റെ തെളിവാണ് ഈ വർധനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.നടപ്പു സാമ്പത്തിക വർഷത്തിൽ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 90 അല്ലെങ്കിൽ 95 ബില്യൺ ഡോളറിലെത്തുമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ (സിഇഎ) അനന്ത നാഗേശ്വരൻ മെയ് രണ്ടിന് പ്രവചിച്ചിരുന്നു. നിക്ഷേപകർ ഇന്ത്യയെ ഇപ്പോഴും ഒരു മികച്ച നിക്ഷേപ കേന്ദ്രമായി തന്നെയാണ് കാണുന്നതെന്നതിന്റെ പ്രധാന സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരും വർഷത്തിലും ഈ മുന്നേറ്റം തുടരുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ പ്രതീക്ഷ.
റെക്കോർഡ് ലാഭമെടുപ്പും അറ്റ നിക്ഷേപവും
ആകെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വലിയ വർധനവുണ്ടായെങ്കിലും, വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതും ഇതേ കാലയളവിൽ റെക്കോർഡിട്ടു. വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പും നിക്ഷേപം പിൻവലിക്കലും 2026 സാമ്പത്തിക വർഷത്തിൽ 53.58 ബില്യൺ ഡോളറായി ഉയർന്നു. ഇത് രാജ്യത്തേക്ക് എത്തിയ ആകെ നിക്ഷേപത്തിന്റെ 56 ശതമാനത്തോളം വരും. ഇതിനുപുറമെ ഇന്ത്യൻ കമ്പനികൾ വിദേശത്ത് നടത്തിയ നിക്ഷേപം 33.29 ബില്യൺ ഡോളറാണ്.ഈ രണ്ട് ഒഴുക്കുകളും ക്രമീകരിച്ച ശേഷമുള്ള ഇന്ത്യയുടെ അറ്റ വിദേശ നിക്ഷേപം (Net FDI) 7.65 ബില്യൺ ഡോളറാണ്. ഇത് ആകെ ലഭിച്ച നിക്ഷേപത്തിന്റെ 8 ശതമാനം മാത്രമാണെങ്കിലും, കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇത് ഒരു ബില്യൺ ഡോളറിലും താഴെയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി 70 മുതൽ 80 ബില്യൺ ഡോളർ എന്ന പരിധിയിലായിരുന്ന ആകെ നിക്ഷേപമാണ് ഇപ്പോൾ ഈ റെക്കോർഡ് ഭേദിച്ചിരിക്കുന്നത്.ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്തും ഐപിഒ വിപണിയിലെ സജീവതയുമാണ് നിക്ഷേപകർക്ക് എളുപ്പത്തിൽ ലാഭമെടുക്കാൻ അവസരമൊരുക്കിയതെന്ന് അനന്ത നാഗേശ്വരൻ വിശദീകരിച്ചു. മറ്റ് വിപണികളിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യത്തിൽ, പല സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും ഇന്ത്യയിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിച്ച് ലാഭമുണ്ടാക്കുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കലും ഇന്ത്യൻ കമ്പനികളുടെ വിദേശ നിക്ഷേപവും കാരണം കഴിഞ്ഞ 3-4 വർഷങ്ങളായി അറ്റ വിദേശ നിക്ഷേപത്തിൽ കുറവുണ്ടായിരുന്നു. 2023-ൽ 71.35 ബില്യൺ ഡോളർ ആകെ നിക്ഷേപം ലഭിച്ചപ്പോൾ 27.98 ബില്യൺ ഡോളർ രാജ്യത്ത് നിലനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ 2024-ൽ അറ്റ നിക്ഷേപം 10.58 ബില്യൺ ഡോളറായും, 2025-ൽ അത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ ഒരു ബില്യൺ ഡോളറിന് താഴെയായും ചുരുങ്ങി. ഈ പശ്ചാത്തലത്തിലാണ് പുതിയ മുന്നേറ്റം രാജ്യത്തിന് ആശ്വാസമാകുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
