image

23 Nov 2025 4:02 PM IST

Economy

ഇന്ത്യ-ഇസ്രയേല്‍ വ്യാപാര ബന്ധം: നേട്ടം ഏതൊക്കെ സെക്ടറുകളില്‍?

MyFin Desk

india-israel trade relations, in which sectors are the gains
X

Summary

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ടെല്‍ അവീവിലേക്കുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിച്ചു


ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് പീയുഷ് ഗോയല്‍. കരാര്‍ പ്രാബല്യത്തില്‍ വരിക രണ്ട് ഘട്ടങ്ങളായെന്നും മന്ത്രി. ഇന്ത്യയിലെ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഇസ്രയേലില്‍ വന്‍ നിക്ഷേപമുണ്ട്. ഇന്ത്യയില്‍ നിക്ഷേപമുള്ള നിരവധി ഇസ്രയേല്‍ കമ്പനികളുമുണ്ട്.

2000-2025 കാലയളവില്‍ 337 ദശലക്ഷം കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇസ്രയേല്‍ കമ്പനികള്‍ ഇന്ത്യയില്‍ നടത്തിയത്. അതിനാല്‍ തന്നെ വ്യാപാര ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.

ഇസ്രയേല്‍ മന്ത്രി നിര്‍ ബര്‍ക്കറ്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍, സ്വതന്ത്ര വ്യാപാര കരാറില്‍ എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന പദ്ധതികളിലെ സഹകരണത്തിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും വ്യാപാര ബന്ധം അതിവേഗത്തില്‍ പുനരാരംഭിക്കുന്നതിനായാണ് ഈ നീക്കം. കരാറിനായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. തീരുവകളും തീരുവ ഇതര മേഖലയിലെ തടസ്സങ്ങളും നീക്കി ചരക്കുകള്‍ക്ക് വിപണി പ്രവേശനം ഉറപ്പാക്കുക. നിക്ഷേപം സുഗമമാക്കുക.കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കുക. ഐടി കൈമാറ്റ സഹകരണം വര്‍ധിപ്പിക്കുക.സേവന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലില്‍ നടത്തിയ ത്രിദിന പര്യടനത്തിന് ശേഷമാണ് ഗോയല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ഏഷ്യയില്‍ ഇസ്രയേലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 വരെ വ്യാപാരം ഓരോ വര്‍ഷവും മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ വ്യാപാരം തകര്‍ന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും പകുതിയായി. വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിയൂഷ് ഗോയല്‍ ടെല്‍ അവീവിലെത്തിയത്.

ഇസ്രയേലിലെ 50 ബില്യണ്‍ ഡോളര്‍ മെട്രോ പദ്ധതി

ഇസ്രയേലിലെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരങ്ങള്‍ തേടുന്നതിന്റെ ഭാഗമായി, ടെല്‍ അവീവിലെ 50 ബില്യണ്‍ ഡോളറിന്റെ മെട്രോ പദ്ധതിയെക്കുറിച്ചും മന്ത്രി സംസാരിച്ചു.

300 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കം ഉള്‍പ്പെടുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. ഇതില്‍ ഇന്ത്യന്‍ കമ്പനികള്‍ ലേലം വിളികളില്‍ പങ്കുചേരണമെന്ന് ഇസ്രയേല്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ 23 നഗരങ്ങളില്‍ മെട്രോ സംവിധാനങ്ങള്‍ സ്ഥാപിച്ചതിന്റെ വന്‍തോതിലുള്ള പ്രവൃത്തിപരിചയം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ളതിനാല്‍, ഇന്ത്യന്‍ കമ്പനികള്‍ ഈ ബിഡ്ഡിംഗ് പ്രക്രിയയില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോയല്‍ അറിയിച്ചു.