5 March 2026 4:44 PM IST
യുദ്ധം: ഇന്ത്യ LPG സിലിണ്ടര്‍ ക്ഷാമത്തിലേക്ക്? കൈവശമുള്ളത് 1 മാസത്തേക്കുള്ള സ്റ്റോക്ക് മാത്രം!
MyFin Desk
ഇന്ത്യയിലെ പാചകവാതക ഇറക്കുമതി പ്രതിസന്ധിയിൽ.
Summary
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം കടുപ്പിക്കുന്നു; ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണം തടസ്സപ്പെട്ടു; വ്യവസായ മേഖലയിൽ 30% വിതരണ നിയന്ത്രണം.
യുദ്ധപശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് പാചകവാതകമാണെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയിലിനേക്കാള്‍ വേഗത്തില്‍ എല്‍പിജി വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇന്ത്യയുടെ എല്‍പിജി ആവശ്യത്തിന്റെ 80 മുതല്‍ 85 ശതമാനം വരെ ഇറക്കുമതിയാണ്. ഇതില്‍ 90 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.ഗള്‍ഫില്‍ നിന്നുള്ള ഈ കപ്പലുകള്‍ ഏതാണ്ട് മുഴുവനായും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് സഞ്ചരിക്കുന്നത്. നിലവില്‍ ഇറാന്‍ ഈ പാതയില്‍ ഭീഷണി ഉയര്‍ത്തുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കപ്പലുകള്‍ക്ക് പരിരക്ഷ പിന്‍വലിച്ചു കഴിഞ്ഞു. ഇത് ഒരു അപ്രഖ്യാപിത ഉപരോധം ആയി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പക്കല്‍ നിലവില്‍ 30 ദിവസത്തേക്കുള്ള എല്‍പിജി ശേഖരം മാത്രമാണുള്ളത്. മാര്‍ച്ച് മാസത്തില്‍ എത്തേണ്ട കപ്പലുകള്‍ വൈകുകയോ, ജനങ്ങള്‍ ഭയപ്പെട്ട് മുന്‍കൂട്ടി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുകയോ ചെയ്താല്‍ ഈ ശേഖരം നിമിഷനേരം കൊണ്ട് തീരും. റഷ്യയോ അമേരിക്കയോ വിചാരിച്ചാല്‍ പോലും എല്‍പിജി ക്ഷാമം പെട്ടെന്ന് പരിഹരിക്കാന്‍ കഴിയില്ല, കാരണം അവിടങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് വലിയ ചിലവും സമയവും ആവശ്യമാണ്.പ്രശ്‌നം എല്‍പിജിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതിയുടെ 40 ശതമാനവും ഖത്തറില്‍ നിന്നാണ്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍പ്ലാന്റ് അടച്ചുപൂട്ടി.ഖത്തര്‍ എനര്‍ജിയും ഇന്ത്യയുടെ പെട്രോനെറ്റ് എല്‍എന്‍ജിയും 'ഫോഴ്‌സ് മജ്യൂര്‍' നോട്ടീസ് നല്‍കിക്കഴിഞ്ഞു. അതായത്, യുദ്ധം പോലുള്ള അസാധാരണ സാഹചര്യത്തില്‍ കരാര്‍ പ്രകാരം ഇന്ധനം നല്‍കാന്‍ കഴിയില്ലെന്ന് കമ്പനികള്‍ ഔദ്യോഗികമായി അറിയിച്ചു.ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ഗ്യാസ് വില ഇരട്ടിയായി വര്‍ദ്ധിച്ചു. ഗെയ്ല്‍ , ഐഒസി തുടങ്ങിയ കമ്പനികള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വിതരണത്തില്‍ 30% വരെ കുറവ് വരുത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
