image

22 Dec 2025 3:31 PM IST

Economy

ഇന്ത്യ- ന്യൂസിലാന്‍ഡ് എഫ്ടിഎ മൂന്ന് മാസത്തിനകം ഒപ്പുവെക്കും

MyFin Desk

india-new zealand fta to come into effect within three months
X

Summary

കരാര്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും


ഇന്ത്യ- ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര മൂന്ന് മാസത്തിനകം ഒപ്പുവെക്കും.കരാര്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് വിപണിയില്‍ നൂറ് ശതമാനം നികുതിയിളവ് ലഭിക്കുമെന്നും റിപ്പോര്‍ട്ട്.

ന്യൂസിലാന്‍ഡുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സുവര്‍ണാവസരമാണ ലഭിക്കുന്നത്. ടെക്സ്റ്റൈല്‍സ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ് ഗുഡ്‌സ്, മറൈന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഇനി ഒരു രൂപ പോലും കസ്റ്റംസ് ഡ്യൂട്ടി നല്‍കാതെ ന്യൂസിലാന്‍ഡിലേക്ക് അയക്കാം.

വസ്ത്രം, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നീ ലേബര്‍-ഇന്റന്‍സീവ് മേഖലകളില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് കരാറിലൂടെ തുറക്കപ്പെടുക.ന്യൂസിലാന്‍ഡ് ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു ഇന്ത്യന്‍ ഡയറി സെക്ടറിലേക്കുള്ള പ്രവേശനം. എന്നാല്‍, നമ്മുടെ ക്ഷീരകര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.

ഡയറി മേഖലയില്‍ ഇന്ത്യ ഒരു നികുതിയിളവും നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളറിന്റെ ഭീമമായ നിക്ഷേപമാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതിനുപുറമെ, ഐടി, വിദ്യാഭ്യാസം, ടൂറിസം, ഹെല്‍ത്ത് കെയര്‍ എന്നീ 118 സേവന മേഖലകളിലും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ സാധ്യതകളാണ് മുന്നിലുള്ളത്. വിദഗ്ധ തൊഴിലാളികള്‍ക്കായി വര്‍ഷത്തില്‍ 5,000 താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കും. ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്കും യോഗാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഷെഫ്മാര്‍ക്കും ഇതിലൂടെ ന്യൂസിലാന്‍ഡില്‍ ജോലി നേടാം.

കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം അവിടെ ജോലി ചെയ്യാനുള്ള പ്രത്യേക വര്‍ക്ക് പാത്ത്വേകളും കരാറിന്റെ ഭാഗമാണ്. കാര്‍ഷിക മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു.

ആപ്പിള്‍, കിവി, തേന്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ന്യൂസിലാന്‍ഡിന്റെ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ 'സെന്റര്‍ ഓഫ് എക്സലന്‍സുകള്‍' സ്ഥാപിക്കും. ഇത് നമ്മുടെ കര്‍ഷകര്‍ക്ക് ആധുനിക കൃഷിരീതികള്‍ പകര്‍ന്നുനല്‍കും. 2024ല്‍ ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ വ്യാപാരം നടന്ന ഈ ബന്ധം, പുതിയ കരാറിലൂടെ ഇരട്ടിയിലധികം വളരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.