25 Feb 2026 4:45 PM IST
Summary
വ്യാപാര തർക്കങ്ങൾ ഒഴിഞ്ഞു; കയറ്റുമതിയിൽ വൻ മുന്നേറ്റം. വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് ഒഴുകാൻ സാധ്യതയെന്ന് റിപ്പോർട്ട്.
2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി വളര്‍ച്ച പത്ത് ശതമാനത്തിന് മുകളിലേക്ക് തിരിച്ചു കയറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ചീഫ് ഏഷ്യ ഇക്കണോമിസ്റ്റ് ചേതന്‍ അഹ്യ വ്യക്തമാക്കുന്നത് , 2027 സാമ്പത്തിക വര്‍ഷത്തില്‍ നോമിനല്‍ ജിഡിപി വളര്‍ച്ച 10 മുതല്‍ 10.5 ശതമാനം എന്ന കരുത്തുറ്റ നിലവാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ്. 2025 ഏപ്രിലില്‍ ആഗോള തലത്തില്‍ ഉണ്ടായ വ്യാപാര തീരുവയിലെ വര്‍ദ്ധനവ് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളെ ബാധിച്ചിരുന്നു.
എന്നാല്‍ ഒക്ടോബറോടെ വ്യാപാര കരാറുകള്‍ സജീവമായത് സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. ഇപ്പോള്‍ നോണ്‍-ടെക് കയറ്റുമതിയില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നതിലെ നേട്ടങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് വ്യക്തമാക്കി. ആഭ്യന്തര ആവശ്യങ്ങളിലെ കുറവാണ് ആദ്യത്തേത്. വാഹന വില്‍പ്പനയും മറ്റ് ആഡംബര വസ്തുക്കളുടെ ഉപയോഗവും കുറഞ്ഞത് വിപണിയിലെ സമ്മര്‍ദ്ദം കുറച്ചു. രണ്ടാമതായി ആഗോളതലത്തില്‍ വ്യവസായ ഉല്‍പ്പാദനം കുറഞ്ഞതും അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും ഇന്ത്യയ്ക്ക് ആശ്വാസമായി.
കൂടുതൽ വിദേശ നിക്ഷേപമെത്തും
ചൈനയിലെ കുറഞ്ഞ ഉല്‍പ്പാദന വില ഇന്ത്യയിലെ മൊത്തവ്യാപാര-ഉപഭോക്തൃ വിലകള്‍ ഉയരാതെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചതാണ് മൂന്നാമത്തേത്.അമേരിക്കന്‍ വ്യാപാര നിയമങ്ങള്‍ പ്രകാരം ചില നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, അത് ഇന്ത്യയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിശ്വസിക്കുന്നു.ജിഡിപി വളര്‍ച്ച പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് കമ്പനികളുടെ വരുമാന വര്‍ദ്ധനവിനും കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകാനും കാരണമാകും. പ്രത്യേകിച്ച് കയറ്റുമതി മേഖലയിലെയും വ്യവസായ മേഖലയിലെയും ഓഹരികളില്‍ ഇതിന്റെ പ്രതിഫലനം നമുക്ക് കാണാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
