30 Oct 2026 1:58 PM IST
അതിദാരിദ്ര്യത്തെ മറികടന്ന് ഇന്ത്യ; 50 കോടി ആള്‍ക്കാര്‍ക്ക് പുതുജീവിതമെന്ന് ലോക ബാങ്ക്
MyFin Desk
Summary
ഉപഭോഗത്തിലെ ശക്തമായ വളര്‍ച്ച, ഭക്ഷ്യ സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക കൈമാറ്റങ്ങള്‍, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ദ്ധനവ് എന്നിവയാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍
ലോകത്തിന് മുന്നില്‍ അഭിമാന നേട്ടവുമായി ഇന്ത്യ. 2011 മുതല്‍ 2023 വരെയുള്ള 12 വര്‍ഷത്തിനിടെ ഏകദേശം 49.6 കോടി ഇന്ത്യക്കാരെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്ന് ലോകബാങ്കിന്റെ 2026 ഒക്ടോബറിലെ Poverty and Equity Brief റിപ്പോര്‍ട്ട്. കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ നിരക്ക് 27.1 ശതമാനത്തില്‍ നിന്ന് വെറും 2.6 ശതമാനമായി കൂപ്പുകുത്തിയത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ദാരിദ്ര്യ നിര്‍മ്മാര്‍ജനങ്ങളില്‍ ഒന്നാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പ്രതിദിനം 4.20 ഡോളര്‍ (2021 PPP) എന്ന താഴ്ന്ന-ഇടത്തരം വരുമാന രാജ്യങ്ങളുടെ ദാരിദ്ര്യ പരിധിക്ക് താഴെ ജീവിക്കുന്നവരുടെ അനുപാതം 57.7 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായി കുറഞ്ഞു. വീട്ടുകാരുടെ ഉപഭോഗത്തിലെ ശക്തമായ വളര്‍ച്ച, ഭക്ഷ്യ സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക കൈമാറ്റങ്ങള്‍, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ദ്ധനവ് എന്നിവയാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍.
പണത്തിന്റെ മാത്രമല്ല, ജീവിത നിലവാരത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സൂചികയിലും ഗണ്യമായ പുരോഗതിയുണ്ടായി. തൊഴില്‍ രംഗത്തും കുതിപ്പുണ്ട് - 2017 മുതല്‍ 2023 വരെ 13.4 കോടി പേര്‍ പുതുതായി തൊഴിലില്‍ ചേര്‍ന്നു, ഇത് ജനസംഖ്യാ വളര്‍ച്ചയുടെ ഇരട്ടിയാണ്. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ ശമ്പളമുള്ള ജോലികളിലേക്ക് കടന്നുവന്നതാണ് ഇതിന് പ്രധാന കാരണം.
എന്നാല്‍ ആശങ്കയുടെ കരിനിഴലുമുണ്ട്. യുവാക്കളിലെ തൊഴിലില്ലായ്മ കൂടുകയാണ്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുവജന തൊഴിലില്ലായ്മ 15.9 ശതമാനമായി ഉയര്‍ന്നു, മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.6 ശതമാനമായിരുന്നു. 2028 ആകുമ്പോള്‍ ദാരിദ്ര്യ നിരക്ക് 12.1 ശതമാനമായി കുറയുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.
ആഘോഷങ്ങള്‍ക്കിടയിലും ഇന്ത്യ കാണേണ്ട യാഥാര്‍ത്ഥ്യമുണ്ട്. ഇപ്പോഴും ദരിദ്രരില്‍ 57 ശതമാനവും ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഉല്‍പ്പാദനക്ഷമമായ തൊഴിലുകള്‍ സൃഷ്ടിക്കുക, പ്രാദേശിക അസമത്വം പരിഹരിക്കുക, യുവാക്കള്‍ക്ക് ജോലി നല്‍കുക എന്നിവ ചെയ്താല്‍ മാത്രമേ ഈ കുതിപ്പ് സുസ്ഥിരമാക്കാനാകൂ എന്ന് ലോകബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
