3 March 2026 10:33 AM IST
ഇന്ത്യ യുദ്ധത്തിന് ഒരുങ്ങുന്നുവോ? 'ഹൈഡ്രോ ടെററിസം' ആരോപണവുമായി പാക് പ്രസിഡന്റ്; ആശങ്ക!
MyFin Desk
പാകിസ്ഥാൻ പാർലമെന്റിൽ സംസാരിക്കുന്ന പ്രസിഡന്റ് ആസിഫ് അലി സർദാരിയും
Summary
സിന്ധു നദീജല കരാറും അതിർത്തിയിലെ സംഘർഷവും; തകർന്നടിയുന്ന പാക് സമ്പദ്‌വ്യവസ്ഥയും ഇന്ത്യൻ പ്രതിരോധ ഓഹരികളിലെ ചലനങ്ങളും - ഒരു വിശകലനം.
ദക്ഷിണേഷ്യന്‍ ഭൂരാഷ്ട്രീയത്തില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന ആഗോള വിപണികളെയും നിക്ഷേപകരെയും ഒരുപോലെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ മറ്റൊരു സൈനിക നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമോ എന്നാണ് ഇപ്പോള്‍ സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് സര്‍ദാരി ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും, ഇന്ത്യ യുദ്ധക്കളത്തില്‍ നിന്ന് പിന്മാറി ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലയുടെ സുരക്ഷയ്ക്ക് ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും സര്‍ദാരി ഓര്‍മ്മിപ്പിച്ചു.
ഹൈഡ്രോ ടെററിസം
വെറുമൊരു സൈനിക നീക്കം എന്നതിലുപരി, ഇന്ത്യയുടെ ജലനയങ്ങളെ ഹൈഡ്രോ ടെററിസം എന്നാണ് സര്‍ദാരി വിശേഷിപ്പിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് പാകിസ്ഥാന്റെ കാര്‍ഷിക-സാമ്പത്തിക മേഖലയെ തകര്‍ക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജലം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളിയായി മാറിയിരിക്കുന്നു.ഇന്ത്യയുമായുള്ള സംഘര്‍ഷം നിലനില്‍ക്കെത്തന്നെ, അഫ്ഗാനിസ്ഥാനുമായും പാകിസ്ഥാന്‍ ഇപ്പോള്‍ തുറന്ന യുദ്ധത്തിലാണ്. അഫ്ഗാന്‍ മണ്ണിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെ സര്‍ദാരി ന്യായീകരിച്ചു. 435 അഫ്ഗാന്‍ സൈനികരെ വധിച്ചതായും 31 താവളങ്ങള്‍ പിടിച്ചെടുത്തതായും പാക് ഭരണകൂടം അവകാശപ്പെടുമ്പോള്‍, താലിബാന്റെ പ്രത്യാക്രമണങ്ങള്‍ അതിര്‍ത്തിയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. അതേസമയം രണ്ട് അയല്‍രാജ്യങ്ങളുമായി ഒരേസമയം യുദ്ധം ചെയ്യുന്നത് പാകിസ്ഥാന്റെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പടുകുഴിയിലേക്ക് തള്ളിയിടും. പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് പാകിസ്ഥാനിലെ നാണയപ്പെരുപ്പം നിയന്ത്രണാതീതമാക്കാന്‍ കാരണമാകും. ഈ അസ്ഥിരത ഇന്ത്യന്‍ ഓഹരി വിപണിയിലും, പ്രത്യേകിച്ച് പ്രതിരോധ മേഖലയുമായിബന്ധപ്പെട്ട ഓഹരികളില്‍ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
