image

6 Feb 2026 5:04 PM IST

Economy

യുഎസുമായി വമ്പന്‍ വിമാന ഇടപാടിന് ഇന്ത്യ

MyFin Desk

india signs mega-aircraft deal with us
X

Summary

പുതിയ വ്യാപാര കരാറിന്റെ ഭാഗമായി 80 ബില്യണ്‍ ഡോളറിന്റെ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ സന്നദ്ധത അറിയിച്ചത്. അതേസമയം റഷ്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൈവിടില്ലെന്നും സൂചന


അമേരിക്കയുമായി 80 ബില്യണ്‍ ഡോളറിന്റെ ബ്രഹ്‌മാണ്ഡ വിമാന ഇടപാടിന് ഇന്ത്യ. റഷ്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൈവിടില്ലെന്നും സൂചന. ട്രംപ് ഭരണകൂടം നിലപാട് മാറ്റുമോ എന്ന ആശങ്കയില്‍ നിക്ഷേപകര്‍.

ആഗോള രാഷ്ട്രീയത്തില്‍ തങ്ങളുടെ തന്ത്രപരമായ സ്വയംഭരണാധികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. ട്രംപ് ഭരണകൂടവുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി 80 ബില്യണ്‍ ഡോളറിന്റെ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. എന്‍ജിനുകളും മറ്റ് അനുബന്ധ ഭാഗങ്ങളും ചേരുന്നതോടെ ഈ ഇടപാട് 100 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

അമേരിക്കയുമായി സൗഹൃദം നിലനിര്‍ത്തുമ്പോള്‍ തന്നെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന തന്ത്രപരമായ നീക്കവും ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആവശ്യമാണെങ്കില്‍ വെനസ്വേല ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകള്‍ ഉപയോഗിക്കുമെന്നും' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നത് പ്രായോഗികമാണോ എന്ന് സാമ്പത്തിക വിദഗ്ധര്‍ സംശയിക്കുന്നു. ദക്ഷിണ കൊറിയയുമായുള്ള കരാറില്‍ പിന്നീട് മാറ്റം വരുത്തിയത് പോലെ ട്രംപ് ഭരണകൂടം നിലപാട് മാറ്റുമോ എന്ന ആശങ്കയും നിക്ഷേപകര്‍ക്കിടയിലുണ്ട്.

പ്രതിരോധ രംഗത്ത് അമേരിക്കയുമായി കൈകോര്‍ക്കുമ്പോഴും, റഷ്യയുമായുള്ള ഊര്‍ജ്ജ ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് വിലയിരുത്തലുകള്‍.