image

31 Oct 2026 12:51 PM IST

Economy

ഊര്‍ജത്തെ ആയുധമാക്കരുത്; ജി20യില്‍ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ ഇന്ത്യ

MyFin Desk

ഊര്‍ജത്തെ ആയുധമാക്കരുത്; ജി20യില്‍   യുഎസ് ഉപരോധങ്ങള്‍ക്കെതിരെ ഇന്ത്യ
X

Summary

ഊര്‍ജ വ്യാപാരത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വില കൂട്ടാനുള്ള ബോധപൂര്‍വമായ തന്ത്രമാണെന്ന് ഇന്ത്യ


ആഗോള ഊര്‍ജ വിപണിയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തി. അറ്റ്‌ലാന്റയില്‍ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. ഊര്‍ജ വ്യാപാരത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വില കൂട്ടാനുള്ള ബോധപൂര്‍വമായ തന്ത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനിയന്‍ എണ്ണയ്ക്കും റഷ്യന്‍ ഡീസലിനുമെതിരായ അമേരിക്കന്‍ ഉപരോധങ്ങളും പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങളും നിലനില്‍ക്കെയാണ് ഈ വിമര്‍ശനം.

ലോകത്ത് ഊര്‍ജ ഉത്പാദനം കുറവല്ല, മറിച്ച് വിതരണത്തിലെ അനിശ്ചിതത്വമാണ് പ്രധാന പ്രശ്‌നമെന്ന് ജയശങ്കര്‍ പറഞ്ഞു. വര്‍ധിക്കുന്ന ചെലവുകളും ഊര്‍ജം ലഭിക്കാനുള്ള ബുദ്ധിമുട്ടും വിപണിയിലെ തകരാറുകളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഊര്‍ജ വിപണികള്‍ തുറന്നതും പ്രവചനാതീതവുമായി നിലനിര്‍ത്താന്‍ ജി20 രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ ആരും പരിഗണിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണയും വാതകവും തമ്മില്‍ വേര്‍തിരിവ് കാണിക്കുന്നതും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരുടെ അടുക്കളയിലേക്ക് ആവശ്യമായ എല്‍പിജി തടസ്സമില്ലാതെ ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ശക്തമായി പറഞ്ഞു.

ഊര്‍ജ സുരക്ഷയ്ക്ക് പുറമെ നിര്‍ണായക ധാതുക്കളുടെ കാര്യത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. ധാതു പര്യവേക്ഷണം മുതല്‍ പുനരുപയോഗം വരെയുള്ള ഇന്ത്യയുടെ ദേശീയ ദൗത്യം അദ്ദേഹം ജി20യില്‍ അവതരിപ്പിച്ചു. ഇതിനായി ജി20 ക്രിട്ടിക്കല്‍ മിനറല്‍സ് സര്‍ക്കുലാരിറ്റി ഇനിഷ്യേറ്റീവ് എന്ന പുതിയ ആശയവും ഇന്ത്യ മുന്നോട്ടുവെച്ചു.