image

29 Dec 2025 5:25 PM IST

Economy

നിര്‍മ്മാണമേഖലയില്‍ വന്‍ശക്തിയാകാന്‍ ഇന്ത്യ

MyFin Desk

നിര്‍മ്മാണമേഖലയില്‍ വന്‍ശക്തിയാകാന്‍ ഇന്ത്യ
X

Summary

ചൈനയുടെ വേഗതയല്ല, മറിച്ച് ഇന്ത്യയുടെ കരുത്താണ് ഇനി ലോകത്തെ നയിക്കുക


2026 ഇന്ത്യയെ ഒരു പുതിയ നിര്‍മ്മാണ ശക്തിയായി ലോകത്തിന് മുന്നില്‍ പ്രതിഷ്ഠിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ചൈനയുടെ വേഗതയല്ല, മറിച്ച് ഇന്ത്യയുടെ കരുത്താണ് വരുന്ന ദശകം ലോക സമ്പദ് വ്യവസ്ഥയെ നയിക്കുകയെന്നും റിപ്പോര്‍ട്ട്.

ആഗോള സപ്ലൈ ചെയിനിലെ കരുത്തരായ രണ്ടാം നിര

2025 അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ വ്യാവസായിക ചിത്രം അടിമുടി മാറിക്കഴിഞ്ഞു. വെറുമൊരു അസംബ്ലിങ് യൂണിറ്റില്‍ നിന്ന് ആഗോള സപ്ലൈ ചെയിനിലെ കരുത്തരായ രണ്ടാം നിരയായി ഇന്ത്യ ഉയരുകയാണ്. ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു, എല്‍ജി തങ്ങളുടെ നിര്‍മ്മാണ ശൃംഖലകള്‍ ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നു. ഇത് വെറും യാദൃശ്ചികമല്ല, മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു വ്യവസായ വിപ്ലവത്തിന്റെ തുടക്കമാണെന്നും സാമ്പത്തിക ലോകം ചൂണ്ടികാട്ടുന്നു.

യുഎസിലേക്കുള്ള ഐഫോണ്‍ നിര്‍മ്മാണം ഇനി ഇന്ത്യയില്‍

2026-ഓടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മുഴുവന്‍ ഐഫോണുകളുടെയും നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. വെറും അസംബ്ലിങ് മാത്രമല്ല, ഡിസ്പ്ലേകള്‍, ക്യാമറ മോഡ്യൂളുകള്‍ തുടങ്ങിയ നിര്‍ണ്ണായക ഘടകങ്ങള്‍ കൂടി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ശ്രമം. ചിപ്പ് നിര്‍മ്മാണ മേഖലയിലെ ആദ്യ ഘട്ട പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഭദ്രമാകും.

ഇത് ഒരു ഹൈ-ടെക് ഇക്കോസിസ്റ്റത്തിന്റെ തുടക്കം

ഇത് വെറുമൊരു ഫാക്ടറി നിര്‍മ്മാണമല്ല, മറിച്ച് ഒരു ഹൈ-ടെക് ഇക്കോസിസ്റ്റത്തിന്റെ തുടക്കമാണ്. ഇലക്ട്രിക് വാഹനങ്ങളുടെയും പുനരുപയോഗ ഊര്‍ജ്ജത്തിന്റെയും കാലത്ത് ബാറ്ററികളുടെ പ്രാധാന്യം ഏറുകയാണ്. അപൂര്‍വ്വ ധാതുക്കളുടെ സംസ്‌കരണവും ബാറ്ററി നിര്‍മ്മാണവും 2026-ഓടെ ഇന്ത്യയില്‍ പുതിയൊരു വ്യവസായ അടിത്തറ സൃഷ്ടിക്കും.

അതേസമയം ചൈനയെ വെറും അനുകരിക്കുകയല്ല ഇന്ത്യ ചെയ്യുന്നത്. ലോകം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഓട്ടോമേഷന്റെയും പാതയിലാണ്. അതിനാല്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതിക മികവിനും ഇന്ത്യ പ്രാധാന്യം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിശ്വസിക്കാവുന്ന ഒരു നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ

ആഗോള രാഷ്ട്രീയം ഇന്ന് ഇന്ത്യയ്ക്ക് അനുകൂലമാണ്. ചൈനയ്ക്ക് പകരം വിശ്വസിക്കാവുന്ന ഒരു നിര്‍മ്മാണ കേന്ദ്രം തേടുന്ന ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ എന്ന വലിയ വിപണി തുറന്നു കിടക്കുന്നു. അമേരിക്കയുമായുള്ള നിര്‍ണ്ണായക വ്യാപാര കരാറും മറ്റു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും 2026ല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ വലിയ സ്വീകാര്യത നല്‍കുമെന്നും അവര്‍ പറയുന്നു.