image

5 May 2025 8:54 AM IST

Economy

ഇന്ത്യ-യുകെ വ്യാപാര കരാറില്‍ കല്ലുകടി; ചര്‍ച്ചകള്‍ നീളാന്‍ സാധ്യത

MyFin Desk

ഇന്ത്യ-യുകെ വ്യാപാര കരാറില്‍ കല്ലുകടി;  ചര്‍ച്ചകള്‍ നീളാന്‍ സാധ്യത
X

Summary

  • കരാറിലെ മൂന്ന് വിഭാഗങ്ങളില്‍ പ്രശ്‌നങ്ങളെന്ന് ഉദ്യോഗസ്ഥര്‍
  • ഏപ്രില്‍ 29 ന് ലണ്ടനില്‍ കരാര്‍ പ്രഖ്യാപനത്തിന് ഇരുപക്ഷവും തയ്യാറെടുക്കുകയായിരുന്നു


ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകളില്‍ കല്ലുകടിയെന്ന് സൂചന. കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ അവസാനിക്കാന്‍ കുറച്ചുകൂടി സമയമെടുത്തേക്കാം. ചില പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന മൂന്ന് വിഭാഗങ്ങളില്‍ നാലോ അഞ്ചോ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയിലിരിക്കുന്ന മൂന്ന് കരാറുകള്‍ - എഫ്ടിഎ, ഉഭയകക്ഷി നിക്ഷേപ കരാര്‍ (ബിഐടി), സാമൂഹിക സുരക്ഷാ കരാര്‍- എന്നിവയാണ്.

കഴിഞ്ഞയാഴ്ച ലണ്ടനില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആന്‍ഡ് ട്രേഡ് ജോനാഥന്‍ റെയ്‌നോള്‍ഡും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളില്‍ ചര്‍ച്ചകളുടെ പുരോഗതി അവലോകനം ചെയ്തിരുന്നു.

കരാര്‍സംബന്ധിച്ച് കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 29 ന് ലണ്ടനില്‍ വെച്ച് ഈ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കാന്‍ ഇരുപക്ഷവും തയ്യാറെടുക്കുകയായിരുന്നു, എന്നാല്‍ അവസാന നിമിഷം അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു.

ഏപ്രില്‍ 29 ന് ഗോയല്‍ തന്റെ രണ്ട് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം അവസാനിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഓസ്ലോ (നോര്‍വേ), ബ്രസ്സല്‍സ് എന്നിവടങ്ങളും സന്ദര്‍ശിച്ചു.

ഫെബ്രുവരി 24 ന്, ഗോയലും യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആന്‍ഡ് ട്രേഡ് ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും രാജ്യങ്ങള്‍ തമ്മിലുള്ള നിര്‍ദ്ദിഷ്ട എഫ്ടിഎയ്ക്കുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

എട്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. 2022 ജനുവരി 13 ന് ആരംഭിച്ച 14 റൗണ്ട് ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായി.

സ്വതന്ത്ര വ്യാപാര കരാറുകളില്‍, രണ്ട് രാജ്യങ്ങള്‍ പരസ്പരം വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നു. സേവനങ്ങളിലെ വ്യാപാരവും ഉഭയകക്ഷി നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അവര്‍ ലഘൂകരിക്കുന്നു.

കസ്റ്റംസ് തീരുവയില്ലാത്ത നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം നല്‍കുന്നതിനു പുറമേ, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കണമെന്ന് ഇന്ത്യന്‍ വ്യവസായം ആവശ്യപ്പെടുന്നു.

മറുവശത്ത്, സ്‌കോച്ച് വിസ്‌കി, ഇലക്ട്രിക് വാഹനങ്ങള്‍, ആട്ടിറച്ചി, ചോക്ലേറ്റുകള്‍, ചില മധുരപലഹാരങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആവശ്യപ്പെടുന്നു.

ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നിയമ, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ വിപണികളില്‍ യുകെ സേവനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ബ്രിട്ടന്‍ തേടുന്നു.

2022-23 ല്‍ 20.36 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023-24 ല്‍ 21.34 ബില്യണ്‍ യുഎസ് ഡോളറായി വര്‍ദ്ധിച്ചു. ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ശരാശരി തീരുവ 4.2 ശതമാനമാണ്.