28 Nov 2025 6:54 PM IST
Summary
വ്യാപാര കരാര്‍ ചര്‍ച്ച ഓണ്‍ലൈനായാണ് പുരോഗമിക്കുന്നത്
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഈ വര്‍ഷം തന്നെയെന്ന് വാണിജ്യ സെക്രട്ടറി. തര്‍ക്ക വിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ധാരണയായെന്നും വിശദീകരണം. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച ഓണ്‍ലൈനായാണ് പുരോഗമിക്കുന്നത്.
മുന്‍പുണ്ടായിരുന്ന തര്‍ക്ക വിഷയങ്ങള്‍ ഏറെയും ഇല്ലാതായി. മിക്ക പ്രശ്‌നങ്ങളും പരിഹരിച്ചതിനാല്‍, ഈ വര്‍ഷാവസാനത്തിന് മുമ്പ് യുഎസുമായുള്ള കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്നുമാണ് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചത്. ശേഷിക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയ തലത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയറ്റുമതിക്കാര്‍ നേരിടുന്ന പ്രതികാര താരിഫ് വെല്ലുവിളികള്‍ പരിഹരിക്കുക, ഒപ്പം ഉഭയകക്ഷി കരാര്‍ ഇത്തരത്തില്‍സമഗ്ര ദ്വിരാഷ്ട്ര വ്യാപാര കരാര്‍ ആണ് ഡിസംബറോടെ ലക്ഷ്യമിടുന്നത്. ഇതില്‍ തന്നെ ആദ്യം പ്രതീക്ഷിക്കുന്നത് കയറ്റുമതിക്കാര്‍ക്ക് മേലുള്ള ഉയര്‍ന്ന പ്രതികാര താരിഫുകള്‍ പരിഹരിക്കുന്നതിനുള്ള കരാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാര കരാര്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പ്രാബല്യത്തില്‍ വരിക.
ഊര്‍ജ്ജ, കാര്‍ഷിക മേഖലകളില്‍ ശ്രദ്ധയൂന്നിയുള്ള കരാറാകും ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ ക്രമേണ കുറയ്ക്കുന്നതാണ് നിലവില്‍ നടക്കുന്ന ചര്‍ച്ചയിലുള്ള പ്രധാന ഘടകങ്ങളിലൊന്ന്. കരാറിന്റെ ഭാഗമായി, ജനിതകമാറ്റം വരുത്താത്ത ചോളം, സോയാബീന്‍ തുടങ്ങിയ ചില അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചേക്കാമെന്നാണ് സൂചന.
പകരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് അമേരിക്ക ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 50% വരെയുള്ള നിരക്കില്‍നിന്ന് 15-16% ആയി താരിഫ് കുറയ്ക്കും. ഈ കുറവ്, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിയെ അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമമാക്കും.
അതേസമയം, കരാറിന്റെ ഭാഗമായി റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഘട്ടം ഘട്ടമായി കുറയ്‌ക്കേണ്ടിവരുമോ എന്നതാണ് വിദേശകാര്യ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ നിലനിര്‍ത്തുന്നതിനും രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എത്രത്തോളം നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കരാര്‍ യാഥാര്‍ഥ്യമാകുന്നതിലൂടെ മാത്രമേ വ്യക്തമാകു.
പഠിക്കാം & സമ്പാദിക്കാം
Home
