image

3 Feb 2026 11:37 AM IST

Economy

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ധാരണ; താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്

MyFin Desk

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ധാരണ;  താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്
X

Summary

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ 25% അധിക താരിഫ് ട്രംപ് ഭരണകൂടം പിന്‍വലിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിലവില്‍ താരിഫ് 50 ശതമാനത്തില്‍നിന്ന് 18 ആയി കുത്തനെ കുറയും.


ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ധാരണയായതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന താരിഫ് 18 ശതമാനമായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു. ഉയര്‍ന്ന താരിഫുകള്‍ മൂലം തകര്‍ന്ന ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഒരു പുതിയ വഴിത്തിരിവാണ് ഈ പ്രഖ്യാപനം.

ട്രംപിന് മോദിയുടെ ഫോണ്‍വിളി എത്താത്തതാണ് വ്യാപാര കരാര്‍ ഒപ്പിടാന്‍ കഴിയാത്തതെന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് മുന്‍പ് പറഞ്ഞിരുന്നത്. ഇന്നലെ ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടന്നശേഷം ട്രംപിന്റെ പ്രസ്താവന ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവരികയായിരുന്നു. മറുപടിയായി രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സംഭാഷണത്തിനിടയില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുമെന്നും പകരം വെനിസ്വേലന്‍ എണ്ണ വാങ്ങുമെന്നും മോദി ഉറപ്പുനല്‍കിയതായും ട്രംപ് പറയുന്നു.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ 25% അധിക താരിഫ് ട്രംപ് ഭരണകൂടം പിന്‍വലിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിലവില്‍ താരിഫ് 50 ശതമാനത്തില്‍നിന്ന് 18 ആയി കുത്തനെ കുറയും.

ട്രംപിന്റെ വലിയ പ്രഖ്യാപനത്തിന് മുമ്പ്, യുഎസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ഒരു ചിത്രം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കിട്ടതോടെ ആഗോളതലത്തില്‍ വലിയ പ്രചാരണമാണ് ഉണ്ടായത്. പോസ്റ്റില്‍ വാചകമൊന്നുമില്ലായിരുന്നു, രണ്ട് നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യാ ടുഡേ മാസികയുടെ '2025 ലെ ന്യൂസ് മേക്കേഴ്സ് ഓഫ് ദി ഇയര്‍' പതിപ്പിന്റെ കവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷമാണ് പ്രഖ്യാപനം വന്നത്.

ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ പ്രധാനമന്ത്രി മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ പിന്നീട് പറഞ്ഞു.

കാര്‍ഷിക മേഖല വാഷിംഗ്ടണിന് തുറന്നുകൊടുക്കാത്തതില്‍ ന്യൂഡല്‍ഹി ഉറച്ചുനിന്നതോടെയാണ് ചര്‍ച്ചകളില്‍ കല്ലുകടി ഉണ്ടായത്. ഇപ്പോഴുണ്ടായ ധാരണയില്‍ ഈമേഖലയില്‍എന്തെങ്കിലും വിട്ടുവീഴ്ച ഇന്ത്യ അനുവദിച്ചിട്ടുണ്ടോ എന്നത് ഇനി അറിയാനിരിക്കുന്നതേ ഉള്ളു. എങ്കിലും കാര്‍ഷിക മേഖലയില്‍ ഇറക്കുമതി ഇന്ത്യ സംരംക്ഷിക്കുന്ന നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.

നിലവില്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.