7 Feb 2026 4:32 PM IST
ഭീതി ഒഴിയുന്നില്ല: ഇന്ത്യയെ നിരീക്ഷിക്കാൻ ട്രംപിന്റെ 'സ്‌പെഷ്യൽ പാനൽ'; റഷ്യൻ എണ്ണ വാങ്ങിയാൽ 25% നികുതി തിരിച്ചുവരും!
MyFin Desk
ഇന്ത്യയുടെ എണ്ണ ഇടപാടുകൾ നിരീക്ഷിക്കാൻ ട്രംപ് നിയോഗിച്ച പ്രത്യേക പാനൽ ആഗോള വിപണിയിൽ ചർച്ചയാവുന്നു.
Summary
ഇന്തോ-യുഎസ് വ്യാപാര കരാറിന് പിന്നാലെ നിബന്ധനകൾ കടുപ്പിച്ച് അമേരിക്ക; പീയുഷ് ഗോയലിന്റെ മൗനവും നിക്ഷേപകരുടെ ആശങ്കയും
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായെങ്കിലും, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന കടുത്ത നിബന്ധനകളുമായി ട്രംപ് ഭരണകൂടം രംഗത്ത്. ശനിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നേരിട്ടോ അല്ലാതെയോ തുടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ യുഎസ് കൊമേഴ്‌സ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക പാനലിനെ ട്രംപ് നിയോഗിച്ചു.സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി എന്നിവരുമായി ചേര്‍ന്നായിരിക്കും ഈ പാനല്‍ പ്രവര്‍ത്തിക്കുക. .
അദൃശ്യ നിബന്ധനകള്‍ വെല്ലുവിളി!
അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14257 പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 18 ശതമാനമായി കുറച്ചിട്ടുണ്ടെങ്കിലും, ഇത് നിലനില്‍ക്കണമെങ്കില്‍ അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ ഇന്ത്യ സംരക്ഷിക്കണം. റഷ്യന്‍ എണ്ണ കുറച്ച് പകരം അമേരിക്കയില്‍ നിന്ന് ഊര്‍ജ്ജ-സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന ഇന്ത്യയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടാല്‍, ഒഴിവാക്കിയ 25% നികുതി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് ട്രംപിന്റെ കടുപ്പമേറിയ നിലപാട്.അതായത് കരാറിന്റെ ഫോര്‍മല്‍ ടെക്സ്റ്റ് പ്രകാരം 5 വര്‍ഷത്തിനകം ഇന്ത്യ വാങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ സിംഹഭാഗവും എനര്‍ജി മേഖലയില്‍ നിന്നാണ്. നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 35-40% റഷ്യയില്‍ നിന്നാണ്. ഇത് അമേരിക്കന്‍ എണ്ണയിലേക്ക് മാറ്റുന്നത് വഴി വ്യാപാര കമ്മി നികത്താമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ഇത് നടന്നില്ലെങ്കില്‍ താരിഫ് ഇളവുകള്‍ പിന്‍വലിക്കാനുള്ള അധികാരം അമേരിക്കയ്ക്കുണ്ട്.
മൗനം വെടിഞ്ഞില്ല
കരാര്‍ പ്രാബല്യത്തില്‍ വന്നത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ റഷ്യന്‍ എണ്ണ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും വിശദീകരണം മന്ത്രാലയത്തില്‍ നിന്ന് ലഭ്യമാകുമെന്നുമായിരുന്നു മറുപടി.
നിക്ഷേപകരുടെ ആശങ്ക
കരാര്‍ പൂര്‍ണ്ണരൂപത്തിലായാല്‍ അത് വിപണിക്ക് വലിയ പോസിറ്റീവ് തരംഗമുണ്ടാക്കും. എന്നാല്‍ റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ കരാര്‍ വൈകുകയോ ഉപരോധ ഭീഷണി വരികയോ ചെയ്താല്‍, വിദേശ നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ രൂപയുടെ മൂല്യം 90 കടന്നു നില്‍ക്കുന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന നികുതി ഇളവുകളും പ്രധാനമാണ്. പ്രത്യേകിച്ച് ഐടി, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ അമേരിക്കന്‍ എനര്‍ജി കമ്പനികള്‍ക്ക് വിപണി നഷ്ടപ്പെട്ടാല്‍, ട്രംപ് ഇന്ത്യയ്ക്കെതിരെ വീണ്ടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.കരാറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ചൈനയെയും റഷ്യയെയും ഒഴിവാക്കി ഒരു പുതിയ സപ്ലൈ ചെയിന്‍ സഖ്യം രൂപീകരിക്കലാണ്, ഇതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇന്ത്യ ഇതിന്റെ ഭാഗമാകുമ്പോള്‍ റഷ്യയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിമിതപ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാകും. ചുരുക്കത്തില്‍ റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ മാത്രമേ കരാര്‍ നടപ്പിലാകൂ എന്ന് ഔദ്യോഗികമായി എവിടെയും പറയുന്നില്ലെങ്കിലും, അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കുക എന്നത് കരാറിലെ അനിവാര്യമായ ഒരു ഭാഗമാണ്. അതായത് റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധവും അമേരിക്കയുമായുള്ള പുതിയ വ്യാപാര താല്പര്യങ്ങളുംക്കിടയില്‍ ഇന്ത്യ ഒരു നയതന്ത്ര ബാലന്‍സിങ് എങ്ങനെ കൊണ്ടുവരുമെന്നതാണ് ഇനി കാണേണ്ടത്.
പഠിക്കാം & സമ്പാദിക്കാം
Home
