14 Jan 2026 5:07 PM IST
Summary
ഇന്ത്യന്‍ വിപണി ഇപ്പോള്‍ തന്നെ ഉയര്‍ന്ന വാല്യുവേഷനിലാണ്. അതിനാല്‍ കമ്പനികളുടെ ലാഭ വളര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നീക്കങ്ങള്‍
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിച്ചേക്കാം. എന്നാല്‍ നിക്ഷേപകന്റെ ലാഭം നിശ്ചയിക്കുന്നത് കമ്പനികളുടെ യഥാര്‍ത്ഥ വരുമാനമായിരിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക.
ഇന്ത്യന്‍ വിപണി ഇപ്പോള്‍ തന്നെ ഉയര്‍ന്ന വാല്യുവേഷനിലാണ് അതിനാല്‍ തന്നെ കേവലം വികാരങ്ങളുടെ പുറത്തല്ല, മറിച്ച് കമ്പനികളുടെ ലാഭ വളര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നീക്കങ്ങളെന്നുമാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ ഇന്ത്യ ഇക്വിറ്റി ഹെഡ് അരബിന്ദ് മഹേശ്വരി പറയുന്നത്.
ഈ വര്‍ഷം നിഫ്റ്റിയില്‍ 12 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കമ്പനിവരുമാനത്തില്‍ 14 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളെ 'സുഹൃത്തുക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം' എന്നാണ് മഹേശ്വരി വിശേഷിപ്പിച്ചത്. അമേരിക്കന്‍ അംബാസഡറുടെ ശുഭകരമായ സൂചനകള്‍ വിപണിക്ക് ഒരു 'സെന്റിമെന്റ് ബൂസ്റ്റ്' നല്‍കും.
എന്നാല്‍ വിപണിയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാനം കമ്പനികളുടെ ലാഭക്ഷമത തന്നെയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. കൊറിയ, തായ്വാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , സെമികണ്ടക്ടര്‍ മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് വിദേശ നിക്ഷേപത്തെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം ലിസ്റ്റഡ് കമ്പനികള്‍ കുറവായത് ഒരു തിരിച്ചടിയാണ്.
എങ്കിലും, അമേരിക്കയില്‍ പലിശ നിരക്ക് കുറയുന്നതോടെ വിദേശ പണം ഇന്ത്യയിലേക്ക് വീണ്ടും ഒഴുകിയെത്താന്‍ തുടങ്ങുമെന്നും സെല്ലിംഗ് പ്രഷര്‍ അവസാനിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വരുമാനത്തില്‍ വ്യക്തമായ വളര്‍ച്ചാ സാധ്യതയുണ്ട്. വരാനിരിക്കുന്ന സര്‍ക്കാര്‍ ശമ്പള വര്‍ദ്ധനവും നികുതി പരിഷ്‌കാരങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളും ഉപഭോഗ മേഖലയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
