12 Jan 2026 4:34 PM IST
Summary
യഥാര്‍ത്ഥ സുഹൃത്തുക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ അവ പരിഹരിക്കപ്പെടുമെന്ന് പുതിയ യുഎസ് അംബാസഡറായി സ്ഥാനമേറ്റ സെര്‍ജിയോ ഗോര്‍
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായകമായ വ്യാപാര ചര്‍ച്ചകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും.പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ന്യൂഡല്‍ഹിയില്‍ ചുമതലയേറ്റു.
അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ വാക്കുകളാണ് വിപണിയില്‍ പ്രതീക്ഷ ജനിപ്പിക്കുന്നത്. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവ പരിഹരിക്കപ്പെടും. ആഗോള പങ്കാളിത്തത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റിയെഴുതാനുള്ള അപൂര്‍വ്വമായ ഒരവസരമാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മുന്നിലുള്ളതെന്നായിരുന്നു ചുമതലയേറ്റ ശേഷം അംബാസിഡറുടെ വാക്കുകള്‍.
താരിഫ് തര്‍ക്കങ്ങളും വിപണി ലഭ്യതയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദി-ട്രംപ് സൗഹൃദം വഴിതുറക്കുമെന്നാണ് അംബാസഡറുടെ വാക്കുകള്‍ നല്‍കുന്ന സൂചന.പാക്സ് സിലിക്ക സഖ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും അദ്ദേഹം പ്രഖ്യാപിച്ചു. ആഗോള ടെക്നോളജി ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്ന ഈ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ അടുത്ത മാസം ഇന്ത്യ പൂര്‍ണ്ണ അംഗമാകും.
സെമി കണ്ടക്ടര്‍ നിര്‍മ്മാണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ലോജിസ്റ്റിക്സ് എന്നിവയില്‍ ഒരു സുരക്ഷിത സപ്ലൈ ചെയിന്‍ ഉറപ്പാക്കാനുള്ള തന്ത്രപ്രധാന നീക്കമാണിത്. ജപ്പാന്‍, സൗത്ത് കൊറിയ, യുകെ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേരുന്നതോടെ ആഗോള ചിപ്പ് വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിട്ടിക്കല്‍ മിനറല്‍സ് മുതല്‍ അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകള്‍ വരെ നീളുന്ന ഈ സഖ്യം ഇന്ത്യയിലെ ഐടി, ഇലക്ട്രോണിക്സ് കമ്പനികള്‍ക്ക് വമ്പന്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ കാരണമാകും. പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നത് ആഗോള വിപണിയില്‍ ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളിയായേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
