21 Nov 2025 3:25 PM IST
Summary
നിര്‍ദ്ദിഷ്ട വ്യാപാര കരാറിന്റെ പ്രധാന ഘടകങ്ങളിലൊന്ന് സാങ്കേതികവിദ്യാ സഹകരണമാണ്
ഓരോ ആയിരംപേര്‍ക്കും ഒരു സ്റ്റാര്‍ട്ടപ്പ് വീതമുള്ള രാജ്യമാണ് ഇസ്രയേല്‍. അതിനാല്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഇസ്രയേലുമായി ആഴത്തിലുള്ള സഹകരണത്തിന് ആരും തയ്യാറാകും. അതിനാല്‍ ഈ മേഖലയിലെ സഹകരണം ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.
ഇന്ത്യ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ടെല്‍ അവീവിലെ സ്റ്റാര്‍ട്ടപ്പുകള്‍ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സുരക്ഷ, കാര്‍ഷിക മേഖല, മെഡിക്കല്‍ രംഗം, മൊബിലിറ്റി, കുറഞ്ഞ കാര്‍ബണ്‍ ഉപയോഗിച്ച് സ്റ്റീല്‍ ഉത്പാദനം ഇവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ദ്ദിഷ്ട വ്യാപാര കരാറിന്റെ പ്രധാന ഘടകങ്ങളിലൊന്ന് സാങ്കേതികവിദ്യയും നൂതനാശയ സഹകരണവുമാണെന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ഗോയല്‍ ചൂണ്ടിക്കാട്ടി.
ആഴത്തിലുള്ള സാങ്കേതികവിദ്യയുടെയും ഉയര്‍ന്ന നിലവാരമുള്ള നവീകരണത്തിന്റെയും തലങ്ങളിലേക്ക് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൊണ്ടുപോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇവിടെ ഇസ്രയേലിന്റെ സഹകരണം അനിവാര്യമാണ് -ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്രയേല്‍ മന്ത്രി നിര്‍ ബര്‍ക്കത്തുമായി ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിനായാണ് മന്ത്രി ടെല്‍ അവീവിലെത്തിയത്.60 അംഗ ബിസിനസ് പ്രതിനിധി സംഘത്തെയും ഗോയല്‍ നയിക്കുന്നു.
ടെല്‍ അവീവ് പ്രതികൂല അവസരങ്ങളെ എന്നും അവസരങ്ങളാക്കി മാറ്റിയിട്ടുണ്ട്. അവരുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ആരോഗ്യത്തിനും പുതിയ സാങ്കേതിക വിദ്യകള്‍ അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ആധുനിക സാങ്കേതികവിദ്യകള്‍ ഇസ്രയേല്‍ വികസിപ്പിക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിലെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായി മാറാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ സഹകരണം പ്രധാനമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
