10 Dec 2025 7:20 PM IST
Summary
ഏഷ്യന്‍ വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചാ പ്രവചനം എഡിബി ഉയര്‍ത്തി
ഏഷ്യന്‍ സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് ഇന്ത്യയുടെ കരുത്തും സാങ്കേതികവിദ്യയുടെ ഡിമാന്‍ഡുമാണെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. ഏഷ്യന്‍ വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചാ പ്രവചനം 5.1 ശതമാനമാക്കിയും ഉയര്‍ത്തി. 2025 സാമ്പത്തിക വര്‍ഷം 4.8% വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് പുതിയ പ്രവചനം.
2026-ലെ വളര്‍ച്ചയും 4.5%ല്‍ നിന്ന് 4.6% ആയി ഉയര്‍ത്തി. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. ഒന്ന്, മേഖലയിലെ ഹൈടെക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ്. രണ്ട്, ഇന്ത്യയുടെ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വളര്‍ച്ച. യുഎസുമായി പല രാജ്യങ്ങളും കരാറിലെത്തിയിട്ടുണ്ട്. ഇതോടെ വ്യാപാര അനിശ്ചിതത്വം കുറഞ്ഞതും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കന്‍ ഏഷ്യയുടെ വളര്‍ച്ചാ പ്രതീക്ഷയിലാണ് ഇന്ത്യയുടെ കരുത്തിനെ കുറിച്ച് കൃത്യമായി പറഞ്ഞിരിക്കുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഇന്ത്യ 8.2% വളര്‍ച്ച രേഖപ്പെടുത്തി. മേഖലയുടെ മുന്നേറ്റം 5.9% ല്‍ നിന്ന് 6.5% ആയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയുടെ മൊത്തം ജിഡിപിയുടെ ഏകദേശം 80% ഇന്ത്യയുടെ സംഭാവനയായതിനാല്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ ഉപമേഖലയെ മൊത്തത്തില്‍ ഉയര്‍ത്തുന്നു.
ഇന്ത്യയ്ക്ക് സ്വന്തമായി ഒരു വലിയ ശക്തിയുണ്ടെന്നതാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. യുവജനത, വര്‍ധിച്ചുവരുന്ന മധ്യവര്‍ഗ്ഗം, കൂടാതെ ഫാക്ടറികളിലും ഡിജിറ്റല്‍ സേവനങ്ങളിലുമുള്ള വര്‍ദ്ധിച്ച നിക്ഷേപവും കരുത്താണ്. ഇന്ത്യയിലെ ഈ തുടര്‍ച്ചയായ ഡിമാന്‍ഡ് ഏഷ്യയിലെമ്പാടുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും ആവശ്യകത സൃഷ്ടിക്കുന്നു. ഇന്ത്യ ഇപ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഇലക്ട്രോണിക്സ്, ഘടകങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവ വന്‍തോതില്‍ വാങ്ങുന്നു. ഇത് ദക്ഷിണ കൊറിയ, തായ്വാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ പ്രാദേശിക സപ്ലൈ ചെയിന്‍ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു.
ചൈനയുടെ 2025 ലെ വളര്‍ച്ചാ പ്രതീക്ഷ 4.7% ല്‍ നിന്ന് 4.8% ആയി നേരിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അവരുടെ 5% ലക്ഷ്യത്തിന് താഴെയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയാണ് ചൈനയ്ക്ക് ഇപ്പോഴും വെല്ലുവിളി.ഇവിടെയാണ് ഇന്ത്യയുടെ പങ്ക്! ചൈനയുടെ ഈ കുറഞ്ഞ വളര്‍ച്ചയെ സന്തുലിതമാക്കാന്‍ ഇന്ത്യയുടെ ശക്തമായ വളര്‍ച്ച സഹായിക്കുന്നു. ഇത് ഏഷ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ നിര്‍ണ്ണായകമാണ്.
അതേസമയം, തീരുവകള്‍ വീണ്ടും ഉയര്‍ത്താനുള്ള സാധ്യത, വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവയെല്ലാം പ്രധാന റിസ്‌കുകളാണ്. കൂടാതെ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം പോലുള്ള കാലാവസ്ഥാ പ്രശ്നങ്ങളും ആഭ്യന്തര രാഷ്ട്രീയ സംഭവവികാസങ്ങളും വളര്‍ച്ചയ്ക്ക് തടസ്സമായേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
