image

18 May 2026 9:54 AM IST

Economy

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ച് വരുന്നു: വന്‍ പ്രതിസന്ധി; ആശങ്കയിൽ വിപണി

MyFin Desk

wholesale price inflation at two-year low
X

Summary

ഇന്ധനവില വർദ്ധനവും ആഗോള ക്രൂഡ് ഓയിൽ വിലക്കയറ്റവും ആർബിഐയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; ആശങ്കയിൽ വിപണി.


ഇന്ത്യയിലെ മൊത്തവില സൂചിക 10 ശതമാനവും കടന്ന് കുതിച്ചുയരാന്‍ പോകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതൊരു വിദൂര സാധ്യതയല്ല, മറിച്ച് വരും മാസങ്ങളില്‍ രാജ്യം നേരിടാന്‍ പോകുന്ന കടുത്ത യാഥാര്‍ത്ഥ്യമാണെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റമാറ്റിക്‌സ്' മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമന്ത്രിയുടെ അടിയന്തിര സാമ്പത്തിക സന്ദേശത്തിന് പിന്നാലെ ഇന്ധനവിലയില്‍ വരുത്തിയ 3 രൂപയുടെ വര്‍ദ്ധനവ് ഒരു തുടക്കം മാത്രമാണ്. കഴിഞ്ഞ 3 മാസമായി മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില കാരണം എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം ഏകദേശം 1.7 ലക്ഷം കോടി മുതല്‍ 1.8 ലക്ഷം കോടി രൂപ വരെയാണ്. ഇപ്പോഴത്തെ ഈ 3 രൂപ വര്‍ദ്ധനവ് ആകെ നഷ്ടത്തിന്റെ വെറും 7 മുതല്‍ 8 ശതമാനം മാത്രമേ പരിഹരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇനിയും വലിയ വിലവര്‍ദ്ധനവ് നമ്മള്‍ പ്രതീക്ഷിക്കണം. കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം, ഹോള്‍സെയില്‍ നാണയപ്പെരുപ്പം 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതില്‍ ഇന്ധന, ഊര്‍ജ്ജ മേഖലയിലെ മാത്രം വിലക്കയറ്റം 24.71 ശതമാനമെന്ന ഭീതിജനകമായ അവസ്ഥയിലാണ്.

നാണയപ്പെരുപ്പം ഉയരും?

ഇതൊരു സാധാരണ വിലക്കയറ്റമല്ല. റീട്ടെയില്‍ ഇന്ധനവില പൂര്‍ണ്ണമായി ജനങ്ങളിലേക്ക് എത്തുന്നതിന് മുന്‍പും, എല്‍ നിനോ പ്രതിഭാസം കാര്‍ഷിക മേഖലയെയും ഭക്ഷ്യോത്പാദനത്തെയും ബാധിക്കുന്നതിന് മുന്‍പുമുള്ള കണക്കാണിത്. ഇതിനൊപ്പം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുന്നതും, വളത്തിന്റെ ദൗര്‍ലഭ്യവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രവചനങ്ങളും വിപണിയിലെ യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയില്‍ നാണയപ്പെരുപ്പം 4.6 ശതമാനമായിരിക്കുമെന്ന് പ്രവചിക്കുമ്പോള്‍, ധനകാര്യ മന്ത്രാലയം അത് 5.5 മുതല്‍ 6 ശതമാനം വരെയാകുമെന്ന് തിരുത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ ഇത് 6 മുതല്‍ 7 ശതമാനം വരെയാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ആര്‍ബിഐക്ക് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരും. ഇത് രൂപയുടെ മൂല്യത്തെ ബാധിക്കുകയും ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 100 കടക്കുന്നതിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. തുടര്‍ച്ചയായ വിലക്കയറ്റം ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നതോടെ, ആര്‍ബിഐ പ്രവചിച്ച 6.9 ശതമാനം ജിഡിപി വളര്‍ച്ച രാജ്യം കൈവരിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എല്ലാ മേഖലകളെയും ബാധിക്കും

ഈ സ്റ്റാഗ്ഫ്‌ലേഷന്‍ അഥവാ സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഒന്നിച്ചു വരുന്ന അവസ്ഥ എല്ലാ മേഖലകളെയും ബാധിക്കും. ഗള്‍ഫ് പ്രതിസന്ധിയും ഉയര്‍ന്ന വളം വിലയും കാരണം കൃഷി വലിയ ഭീഷണിയിലാണ്. നഗരങ്ങളേക്കാള്‍ വേഗത്തില്‍ ഗ്രാമങ്ങളില്‍ നാണയപ്പെരുപ്പം ഉയരുന്നത് ഗ്രാമീണ മേഖലയിലെ ആവശ്യകതയെ തകര്‍ക്കും.വ്യവസായ മേഖലയിലേക്ക് നോക്കിയാല്‍ ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ചിലവ് വര്‍ദ്ധിക്കുന്നത് കെമിക്കല്‍സ്, പാക്കേജിംഗ്, ടെക്‌സ്‌റ്റൈല്‍സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഏവിയേഷന്‍ എന്നീ മേഖലകളുടെ ലാഭവിഹിതത്തെ ദോഷകരമായി ബാധിക്കും.ബാങ്കിംഗ് മേഖലയില്‍ ഇപ്പോള്‍ കാണുന്ന ക്രെഡിറ്റ് വളര്‍ച്ച, ബിസിനസ്സ് വിപുലീകരണത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് ദൈനംദിന ചിലവുകള്‍ക്ക് പണമില്ലാതെ കമ്പനികള്‍ വാങ്ങുന്ന വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണുകള്‍ മാത്രമാണ്. വരും മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകാന്‍ പോകുന്നത്.