image

31 Dec 2025 12:37 PM IST

Economy

Indian Economy News : 'ഇന്ത്യ' ഉയരുന്ന ജിഡിപി കണക്കുകൾക്കപ്പുറം ചില യാഥാർഥ്യങ്ങൾ

Rinku Francis

Indian Economy News : ഇന്ത്യ ഉയരുന്ന ജിഡിപി കണക്കുകൾക്കപ്പുറം ചില യാഥാർഥ്യങ്ങൾ
X

Summary

Indian Economy Challenges : അത്ര വേഗത്തിൽ ഇന്ത്യ ജർമനിയെ മറികടക്കുമോ? 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം രാജ്യം കാണുമ്പോൾ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?


ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണ്. ജപ്പാനെ മറികടന്നാണ് ഇന്ത്യയുടെ ജിഡിപി മൂല്യം 4.18 ലക്ഷം കോടി ഡോളറിലെത്തിയത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ സമ്പദ്‍വ്യവസ്ഥയിൽ ജർമ്മനിയെയും മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക പ്രവചനങ്ങൾ ഇന്ത്യയുടെ ശക്തമായ വളർച്ച അടിവരയിടുന്നു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 4 . 7 ലക്ഷം കോടി ഡോളറാണ് സമ്പദ് വ്യവസ്ഥ. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് 6 .5 ശതമാനം സാമ്പത്തിക വളർച്ചയാണ് ലോകബാങ്ക് പ്രവചിക്കുന്നത്. ഉയർന്ന ഊർജ്ജ ചെലവുകളും മന്ദഗതിയിലുള്ള കയറ്റുമതി എന്നിവയൊക്കെ ജർമ്മനിയുടെ സാമ്പത്തിക മേഖല പ്രതിസന്ധിയിലാക്കി.

2047ഓടെ ഒരു വികസിത രാജ്യമാവുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ വികസിത രാജ്യമാവുക എന്ന സർക്കാർ സ്വപ്നം യാഥാർത്ഥ്യമാകുമോ? ഉയരുന്ന ജിഡിപി കണക്കുകൾക്ക് അപ്പുറത്ത് ചില യാഥാർഥ്യങ്ങൾ വിസ്മരിക്കാൻ ആകില്ല.

പ്രതിശീർഷ വരുമാനം താരതമ്യേന കുറവ്

ശക്തമായ സ്വകാര്യ ഉപഭോഗവും അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതും ഇന്ത്യക്ക് ഗുണകരമാകുമെന്ന് തന്നയാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ രാജ്യത്തെ ഉയ‍ർന്ന ജനസംഖ്യ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ പ്രതിശീർഷ ജിഡിപിയിൽ വളരെ പിന്നിലാണ് . 2024–2025 ലെ കണക്കനുസരിച്ച്, ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി ഏകദേശം 2,700 ഡോളർ ആണ്. ജർമ്മനിയുടെ പ്രതിശീർഷ ജിഡിപി 50,000 ഡോളറിൽ കൂടുതലും.

ഉയർന്ന സാമ്പത്തിക അസമത്വം വെല്ലുവിളി

ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.വലിയ സാമ്പത്തിക അസമത്വമാണ് രാജ്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളികളിൽ ഒന്ന്. രാജ്യത്തെ അതി സമ്പന്ന‍ർ ദേശീയ വരുമാനത്തിന്റെ 20-25 ശതമാനം കൈയാളിയിരിക്കുന്നു. സമ്പന്ന‍ർ അതിസമ്പന്നരായി വള‍ർന്നുകൊണ്ടിരിക്കുമ്പോൾ ജനസംഖ്യയുടെ ഭൂരിഭാ​ഗവും കഷ്ടിച്ച് വരുമാനം കണ്ടെത്തി ജീവിക്കുന്നു. ജനസംഖ്യയുടെ മൂന്ന് ശതമാനം വരെ ഇപ്പോഴും അതിദാരിദ്ര്യത്തിലാണെന്ന് സർക്കാർ കണക്കുകൾ.

ഭക്ഷണമോ പാർപ്പിടമോ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലുമില്ലാത്ത ലക്ഷക്കണക്കിനാളുകൾ രാജ്യത്ത് ഇനിയുമുണ്ടെന്ന് ചുരുക്കം. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ദാരിദ്ര്യം കണക്കാക്കുന്ന സൂചികകളുടെ അടിസ്ഥാനത്തിൽ 15 ശതമാനത്തിലേറെ പേർ അതിദരിദ്രരരാണ്.

25 ശതമാനം ദരിദ്രരും.പ്രധാന നഗരങ്ങൾ ആധുനികവൽക്കരിക്കുമ്പോഴും സ്ഥിരമായ വൈദ്യുതി കണക്ഷനോ അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങളോ, മികച്ച ആരോഗ്യ കേന്ദ്രങ്ങളോ ഇല്ലാത്ത എത്രയെത്ര ചെറുനഗരങ്ങൾ. വികസിത ഭാരതമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് വളരണമെങ്കിൽ രാജ്യത്തെ ചെറുനഗരങ്ങളും ഗ്രാമങ്ങളും കൂടുതൽ സമ്പന്നമാകണം. ഗ്രാമീണ സമ്പ‍ദ്‍വ്യവസ്ഥക്ക് നടപടികൾ വേണം.