14 Oct 2025 6:44 PM IST
Summary
വളര്‍ച്ചയെ നയിക്കുന്നത് കുറഞ്ഞ പലിശനിരക്ക്, എണ്ണവിലയിലെ ഇടിവ്, മണ്‍സൂണ്‍ എന്നിവയെന്നും റിപ്പോര്‍ട്ട്
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് എച്ച്എസ്ബിസി. വളര്‍ച്ചയെ നയിക്കുന്നത് കുറഞ്ഞ പലിശനിരക്ക്, എണ്ണവിലയിലെ ഇടിവ്, മികച്ച മണ്‍സൂണ്‍ എന്നിവയെന്നും റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രതിസന്ധികാലം അവസാനിക്കുകയാണ്. ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍ സ്വകാര്യ നിക്ഷേപത്തിന് ഹ്രസ്വകാല വെല്ലുവിളി ഉയര്‍ത്താം. എന്നാല്‍ ആഭ്യന്തര ഘടകങ്ങള്‍ ഇത്തരം വെല്ലുവിളികളെ അതിജിവിക്കാന്‍ പര്യാപ്തമാണെന്നുമാണ് എച്ച്എസ്ബിസി മ്യൂച്ചല്‍ ഫണ്ട് വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ ചെലവുകള്‍ക്കായി മൂലധനം വിനിയോഗിക്കുന്നുണ്ട്. ഒപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവും സമ്പദ് വ്യവസ്ഥയ്ക്ക് തുണയാവും. അതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ആഗോള പ്രതീക്ഷകള്‍ ഇപ്പോഴും പോസിറ്റീവ് ആയി തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പുനരുപയോഗ ഊര്‍ജ്ജത്തിലും അനുബന്ധ വിതരണ ശൃംഖലകളിലും ഉയര്‍ന്ന സ്വകാര്യ നിക്ഷേപം, ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക ഘടകങ്ങളുടെ പ്രാദേശികവല്‍ക്കരണം, ആഗോള വിതരണ ശൃംഖല കൂടുതലായി ഇന്ത്യയെ ആശ്രയിക്കുന്നത് -എന്നിവ വരും വര്‍ഷങ്ങളില്‍ വേഗത്തിലുള്ള വളര്‍ച്ചയെ സഹായിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
