image

11 Nov 2026 5:10 PM IST

Economy

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 7% വളര്‍ച്ച; പ്രവചനം ഉയര്‍ത്തി മൂഡീസ്

MyFin Desk

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 7% വളര്‍ച്ച; പ്രവചനം ഉയര്‍ത്തി മൂഡീസ്
X

Summary

വളര്‍ച്ചയ്ക്ക് വെല്ലുവിളിയായി പണപ്പെരുപ്പവും എല്‍ നിനോയും


ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തി ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ്. നടപ്പു സാമ്പത്തിക വര്‍ഷം (2026-27) ഇന്ത്യ 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് പുതിയ വിലയിരുത്തല്‍. നേരത്തെ 6.5 ശതമാനമായിരുന്നു മൂഡീസിന്റെ പ്രവചനം. ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ശക്തമായ മുന്നേറ്റവും ആഗോള ഊര്‍ജ വിതരണ പ്രതിസന്ധികളെ നേരിടാനുള്ള ഇന്ത്യയുടെ ശേഷിയുമാണ് വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്താന്‍ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

മൂഡീസ് പുറത്തുവിട്ട Global Macro Outlook 2027-28 റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പുതിയ വിലയിരുത്തലുള്ളത്. ശക്തമായ ഉപഭോഗം, മെച്ചപ്പെടുന്ന നിക്ഷേപ സാഹചര്യം, സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലെ കരുത്ത് എന്നിവ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇടത്തരം കാലയളവിലും 7 ശതമാനത്തിനടുത്ത് വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.

വളര്‍ച്ചയ്ക്ക് വെല്ലുവിളിയായി പണപ്പെരുപ്പവും എല്‍ നിനോയും

വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും സമീപകാലത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്നും മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നു. വര്‍ധിച്ചുവരുന്ന വിലക്കയറ്റ സമ്മര്‍ദം കുടുംബങ്ങളുടെ ഉപഭോഗശേഷിയെ ബാധിച്ചേക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പണപ്പെരുപ്പ ലക്ഷ്യമായ 2 മുതല്‍ 6 ശതമാനം വരെയുള്ള പരിധിയുടെ ഉയര്‍ന്ന തലത്തിനടുത്താണ് നിലവില്‍ പണപ്പെരുപ്പം. ദുര്‍ബലമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും ശക്തിപ്രാപിക്കുന്ന എല്‍ നിനോ സാഹചര്യങ്ങളും കാര്‍ഷിക ഉല്‍പ്പാദനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഗ്രാമീണ മേഖലയിലെ ആവശ്യകതയിലും പ്രതിഫലിച്ചേക്കാം. ഭക്ഷ്യവില വര്‍ധനയും ഗ്രാമീണ ഉപഭോഗത്തിലെ ഇടിവും വളര്‍ച്ചയുടെ വേഗതയെ ബാധിക്കാവുന്ന ഘടകങ്ങളാണ്.

സ്വകാര്യ നിക്ഷേപത്തില്‍ പുതിയ മുന്നേറ്റം പ്രതീക്ഷ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്വകാര്യ നിക്ഷേപം നിര്‍ണായക പങ്കുവഹിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. കോര്‍പ്പറേറ്റ് കമ്പനികളുടെയും ബാങ്കിങ് മേഖലയുടെയും സാമ്പത്തിക സ്ഥിതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മൂലധന നിക്ഷേപത്തില്‍ പുതിയൊരു ചക്രം ആരംഭിക്കാനുള്ള സൂചനകള്‍ പ്രകടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ക്യാപിറ്റല്‍ ഗുഡ്‌സ് ഉല്‍പ്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായ വര്‍ധന, വ്യവസായ മേഖലയിലെ വായ്പാ വളര്‍ച്ചയുടെ വേഗത, ഉല്‍പ്പാദന ശേഷിയുടെ ഉയര്‍ന്ന വിനിയോഗം എന്നിവ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ നിക്ഷേപത്തില്‍ വലിയ കുതിപ്പുണ്ടായാല്‍ നിര്‍മാണ മേഖല, തൊഴിലവസരങ്ങള്‍, ഉല്‍പ്പാദനക്ഷമത എന്നിവയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ മൂഡീസിന്റെ നിലവിലെ വളര്‍ച്ചാ പ്രവചനത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലേക്ക് ഇന്ത്യയ്ക്ക് മുന്നേറാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഊര്‍ജ പ്രതിസന്ധിയെ അതിജീവിച്ച് ഇന്ത്യ

ആഗോളതലത്തിലെ ഊര്‍ജ വിലയിലെ വര്‍ധനയുടെ ആഘാതം ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്തതായും മൂഡീസ് വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയുടെ വിതരണ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ പിന്തുണയുള്ള എണ്ണ വിപണന കമ്പനികളും നികുതിയിളവുകളും വഴി അന്താരാഷ്ട്ര വിലവര്‍ധനയുടെ ആഘാതം ആഭ്യന്തര ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നത് നിയന്ത്രിക്കാനും കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഒറ്റയിടത്തെ എണ്ണ ശുദ്ധീകരണ സമുച്ചയം ഇന്ത്യയിലാണ്. രാജ്യത്തിന്റെ വിപുലമായ റിഫൈനിങ് ശേഷി ഇന്ധന വിതരണത്തിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പ്രധാന കയറ്റുമതിക്കാരെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ജിഎസ്ടി വരുമാനത്തിലും വാഹന വില്‍പ്പനയിലും മുന്നേറ്റം

സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലെ വളര്‍ച്ചയും ഇന്ത്യയുടെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നതായി മൂഡീസ് ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ, സേവന മേഖലകളിലെ പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (PMI) വികസനത്തിന്റെ സൂചനയാണ് നല്‍കുന്നത്. ജിഎസ്ടി വരുമാനത്തിലും വാഹന വില്‍പ്പനയിലും ചരക്ക് കയറ്റുമതിയിലും ഇരട്ടയക്ക വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.

ആഭ്യന്തര ഉപഭോഗം, സ്വകാര്യ നിക്ഷേപം, വ്യവസായ മേഖലയുടെ മുന്നേറ്റം എന്നിവ ഒരുമിച്ച് ശക്തിപ്പെടുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂലമാണ്. എന്നാല്‍ പണപ്പെരുപ്പവും കാലാവസ്ഥാ സാഹചര്യങ്ങളും സൃഷ്ടിക്കുന്ന അപകടസാധ്യതകള്‍ നിര്‍ണായകമാകും. വെല്ലുവിളികള്‍ മറികടന്ന് നിക്ഷേപ വളര്‍ച്ച കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയ്ക്ക് ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് മൂഡീസിന്റെ പ്രതീക്ഷ.